ഡാമുകളിൽ വരുന്ന ഫ്ളോട്ടിംഗ് സോളാർ
ലോകം മുഴുവൻ ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഊർജ്ജ പ്രതിസന്ധിയാണ്. പ്രകൃതിയിൽ നിന്നുള്ള ഇന്ധനങ്ങളും മറ്റുമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിനി തുടർന്നും പഴയ അളവിൽ ലഭ്യമാകില്ല. ഇന്നല്ലെങ്കിൽ നാളെ പ്രകൃതിയിൽ നിന്നുള്ള ഇന്ധനങ്ങളുടെ ലഭ്യത ഇല്ലാതാകും. അതിനാൽ വിവിധ രാജ്യങ്ങൾ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ബദൽ മാർഗങ്ങളാണ് പിന്തുടരുന്നത്. പെട്രോളിനും ഡീസലിനും പകരം ബാറ്ററിയിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തിൽ കൂടിവരികയാണ്. എല്ലാ ഗൃഹങ്ങളിലും ഇലക്ട്രിക് ഉപകരണങ്ങളുടെ എണ്ണം പഴയതിനെ അപേക്ഷിച്ച് ഇരട്ടിയായിപ്പോലും മാറിയിരിക്കുന്നു. ഇതെല്ലാം പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി ഇല്ലാതെ കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഓരോ ദിവസം കഴിയുന്തോറും വൈദ്യുതിയുടെ ഉപയോഗം കൂടിവരുന്നതല്ലാതെ കുറയാൻ പോകുന്നില്ല.
ജലത്തിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതാണ് നമ്മുടെ പരമ്പരാഗത രീതി. കേരളത്തിൽ പരിസ്ഥിതിവാദികളുടെയും മറ്റും എതിർപ്പു കാരണം ഇനി ഒരു വലിയ ജലവൈദ്യുതി പദ്ധതി തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കാറ്റിൽ നിന്ന് ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ ഉപഭോഗത്തിന്റെ ഒരു നേരിയ ശതമാനത്തിനു പോലും ഉതകില്ല. വികസിത രാജ്യങ്ങളൊക്കെ അണുശക്തി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. എന്നാൽ ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനും വലിയ എതിർപ്പുകളെ നേരിടേണ്ടിവരും. മാത്രമല്ല, അതിന്റെ ടെക്നോളജി സങ്കീർണവുമാണ്. അപ്പോൾ താരതമ്യേന ചെലവും എതിർപ്പും കുറഞ്ഞത്, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സോളാർ പ്ളാന്റുകളെ ആശ്രയിക്കുന്നതാണ്. സോളാർ പ്ളാന്റ് സ്ഥാപിച്ചതോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായ വൈദ്യുതി അവിടെത്തന്നെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു.
ഈ മാതൃകയിൽ വൻകിട സ്ഥാപനങ്ങളെല്ലാം വൈദ്യുതി ആവശ്യം പരിഹരിക്കാൻ സോളാറിലേക്കാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡ് ഡാമുകളിൽ ഫ്ളോട്ടിംഗ് സോളാർ സ്ഥാപിക്കാൻ ഒരുങ്ങുന്നത് തീർച്ചയായും കാലോചിതവും അഭിനന്ദനീയവുമായ നടപടിയാണ്. 5200 മെഗാവാട്ടാണ് സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം. ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ഉത്‌പാദനം 2096 മെഗാവാട്ടാണ്. നിലവിൽ സോളാറിൽ നിന്ന് 415 മെഗാവാട്ടും ഉത്‌പാദിപ്പിക്കുന്നു. അതായത്, നമ്മുടെ വൈദ്യുതി ഉത്‌പാദനവും ഉപഭോഗവും തമ്മിൽ നിലനിൽക്കുന്നത് വലിയ അന്തരമാണ്. ഇത് മറികടക്കാൻ വലിയ വിലകൊടുത്ത് നമുക്ക് അന്യസംസ്ഥാനങ്ങളിലെ ഗ്രിഡുകളിൽ നിന്നും മറ്റും വൈദ്യുതി വാങ്ങേണ്ടിവരുന്നു. ഇതുകാരണം വൈദ്യുതി ചാർജ് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായി മാറിക്കൊണ്ടിരിക്കുന്നു.
ഇതിന് ഒരു പരിഹാരമെന്ന നിലയിൽ, സ്വകാര്യ പങ്കാളിത്തത്തോടെ ഡാമുകൾ, തരിശുപാടങ്ങളിലെ വെള്ളക്കെട്ടുകൾ, തടാകങ്ങൾ, കായലുകൾ തുടങ്ങിയവയിൽ ഫ്ളോട്ടിംഗ് സോളാറുകൾ സ്ഥാപിക്കാനായാൽ പ്രതിദിനം 6000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. വൈദ്യുതി വകുപ്പിന്റെ പഠനത്തിൽത്തന്നെയാണ് ഇതു പറയുന്നത്. അങ്ങനെ വന്നാൽ കേരളത്തിന് ആവശ്യമായ വൈദ്യുതോർജ്ജം സോളാറിൽ നിന്നു മാത്രം ലഭ്യമാക്കാനാകും. മിച്ചം വരുന്ന വൈദ്യുതി മറ്റു സംസ്ഥാനങ്ങൾക്ക് വിൽക്കുകയും ചെയ്യാം. ഇതോടൊപ്പം വ്യക്തിഗത ഉപഭോക്താക്കളിലെ വലിയൊരു ശതമാനം കൂടി വൈദ്യുതിക്കായി സോളാർ പാനലുകളെ ആശ്രയിച്ചാൽ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹൃതമാകും.