ആറ്റുകാൽ പൊങ്കാല: ക്യു.ആർ കോഡ് സ്കാൻ ചെയ്യൂ, പാർക്കിംഗ് ഏരിയ തെളിയും

Saturday 01 March 2025 3:51 AM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് വാഹനവുമായി പോകുന്നവരുടെ ശ്രദ്ധയ്ക്ക്, റോഡിന്റെ വശങ്ങളിൽ ഇടയ്ക്കിടെ പതിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങൾക്ക് വാഹനം എവിടെ പാർക്ക് ചെയ്യാം എന്ന വിവരവും ഒപ്പം അവിടേക്കുളള മാപ്പും ലഭ്യമാകും. അവിടേക്ക് വാഹനമോടിച്ചു പോയാൽ മാത്രം മതി.

കിള്ളിപ്പാലം മുതലുള്ള ബണ്ട് റോഡിലൂടെ വേണം ഉത്സവസമയത്ത് വലിയ വാഹനങ്ങൾ ക്ഷേത്രത്തിലേക്ക് എത്തേണ്ടത്. ബണ്ട് റോഡ് മുതൽ ക്ഷേത്രം വരെയുള്ള സ്ഥലത്ത് അഞ്ച് മൈതാനങ്ങൾ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ കണ്ടെത്തിയിട്ടുണ്ട്. ബസ്,കാറ് ഉൾപ്പെടെയുളള വാഹനങ്ങൾക്ക് അവിടെ പാർക്ക് ചെയ്യാനാകും. ഇതിനു പുറമെ ടൂവീലറുകൾക്ക് മാത്രമായി ക്ഷേത്രത്തിനടുത്ത് കീഴമ്പ് കടവിൽ പ്രത്യേക പാർക്കിംഗ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം.ക്ഷേത്രത്തിന് മുന്നിലുള്ള പാർക്കിംഗ് ഏരിയയിൽ ഉത്സവദിവസങ്ങളിൽ പാർക്കിംഗ് അനുവദിക്കാനാവില്ല.കിള്ളിപ്പാലം വഴിയാകും ബസ് സർവീസുകൾ. മറ്റ് ബസ് സർവീസുകൾ അയ്യപ്പക്ഷേത്രത്തിനടുത്തുള്ള റോഡിലൂടെ കടന്നുപോകും. ബണ്ട് റോഡിൽ നിന്നും ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്താണ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് ബസുകൾക്ക് പാർക്കിംഗ് ഒരുക്കുന്നത്. അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള റോഡ് എമർജൻസി പാതയായി ഒഴിച്ചിടും. ക്ഷേത്രം ട്രസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന മന്ദിരത്തിന് മുന്നിലായിരിക്കും പതിവുപോലെ പൊലീസ്,ഫയർഫോഴ്സ് കൺട്രോൾ റൂമുകൾ തുറക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സുരക്ഷാ പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.

പുതിയ പാർക്കിംഗ് സംവിധാനങ്ങൾ ഭക്തർക്ക് പ്രയോജനകരമായ രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അത് എല്ലാവരും പ്രയോജനപ്പെടുത്തണം.

എ.എസ്.അനുമോദ്,

ജോയിന്റ് സെക്രട്ടറി,

ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്