ഷഹബാസിന്റെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

Saturday 01 March 2025 8:49 AM IST

കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മരിച്ച സംഭവം പൊലീസിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 16കാരൻ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. താമരശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്ററിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശേരി സ്‌കൂളിലെ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ ഇന്ന് ജുവൈൽ ജസ്റ്റിസ് ബോർ‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നൽകി.