ഉത്തരാഖണ്ഡിലെ ഹിമപാതം; നാല് പേർക്ക് ദാരുണാന്ത്യം, 50 പേരെ പുറത്തെത്തിച്ചു, ഏഴ് പേർക്കായി രക്ഷാപ്രവർത്തനം

Saturday 01 March 2025 3:12 PM IST

ഡെറാഡൂൺ: ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മനായിൽ ഇന്നലെ രാവിലെയുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാല് തൊഴിലാളികൾ മരിച്ചു. അതിൽ ഒരാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുങ്ങിയ 50 പേരെ 48 മണിക്കൂറിനുളളിലെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. ഏഴ് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ദൗത്യസേന അറിയിച്ചു. രക്ഷപ്പെട്ടവർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

പുറത്തുവരുന്ന വിവരമനുസരിച്ച് ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്,പഞ്ചാബ്, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികളാണ് മഞ്ഞിടിച്ചിലിൽ കുടുങ്ങിയത്. പത്ത് തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമല്ല.മനായ്‌ക്കും ബദ്രിനാഥിനും മദ്ധ്യേയുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ തൊഴിലാളി ക്യാമ്പിന് മുകളിലേക്ക് ഇന്നലെ മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. ആ സമയത്ത് എട്ടു കണ്ടെയ്‌നറുകളിലും ഒരു ഷെഡിലുമായി 57 തൊഴിലാളികൾ ഉണ്ടായിരുന്നു.വിദഗ്ദ്ധ പരിശീലനം നേടിയ കരസേനയിലെ ഐബക്‌സ് ബ്രിഗേഡിന്റെ 100 പേരടങ്ങുന്ന സംഘമാണ് ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡോക്‌ടർമാർ, ആംബുലൻസുകൾ എന്നിവയും ദുരന്തമേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ 11.50ഓടെ തൊഴിലാളികൾ കുടുങ്ങി കിടക്കുന്ന അഞ്ച് കണ്ടെയ്‌നറുകൾ കണ്ടെത്തി 15 പേരെ രക്ഷിച്ചു. വൈകിട്ട് അഞ്ച് മണിയോടെ 17 പേരെ കൂടി കണ്ടെത്തി. റോഡിലെ മഞ്ഞു നീക്കാൻ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സ് രംഗത്തുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന,​ബോർഡർ റോഡ്സ് ഓർഗനൈസേഷൻ,ഐ.ടി.ബി.പി,ഉത്തരാഖണ്ഡ് പൊലീസ് അംഗങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മേഖലയിലെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. പലയിടങ്ങളിൽ മഴയും റോഡുകൾ മഞ്ഞുമൂടി കിടക്കുന്നതും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവർത്തനത്തെ വലച്ചു.