ഇടവേളയ്ക്ക് ശേഷം ദുൽഖർ വീണ്ടും മലയാളത്തിൽ, ആർ ഡി എക്സ് സംവിധായകന്റെ ചിത്രം പ്രഖ്യാപിച്ചു

Saturday 01 March 2025 6:59 PM IST

ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ വീണ്ടും നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. ആർ.ഡി.എക്സ് എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലാണ് ദുൽഖറിന്റെ തിരിച്ചുവരവ്. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും പുറത്തുവിട്ടു. ഒരു കൈയിൽ ചീട്ടും മറുകൈയിൽ ക്രിക്കറ്റ് ബാളും പിടിച്ചിരിക്കുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ അണിയറ പ്രവർത്തകർ പങ്കുവച്ചത്. വലതുകൈയിൽ പരിക്കേറ്റിരിക്കുന്നതും പോസ്റ്ററിൽ കാണാം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇ്ന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുൽഖർ നേരത്തെ അറിയിച്ചിരുന്നു.

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളത്തിൽ ദുൽഖറിന്റേതായി ഇറങ്ങുന്ന ചിത്രമായിരിക്കും ഇത്. ദുൽഖറിന്റെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വൻവിജയം നേടിയിരുന്നു, ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയാണ് ലക്കി ഭാസ്കർ വിശേഷിപ്പിക്കപ്പെടുന്നത്. പാൻ ഇന്ത്യൻ ചിത്രമായ കൽക്കി 2898 എ.ഡിയിലും ദുൽഖർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴിൽ കാന്ത എന്ന ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്