കൊല്ലൂർ മൂകാംബിക: 300കോടിയുടെ വികസനം  

Monday 03 March 2025 4:29 AM IST

കൊല്ലൂർ(കർണ്ണാടക): കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനായി 300 കോടിയുടെ പദ്ധതികൾ വരുന്നു. ക്ഷേത്രഫണ്ടിന് പുറമേ സർക്കാരിന്റെ ധനസഹായവും ഉണ്ടാകുമെന്ന് ക്ഷേത്രം ട്രസ്റ്റി കൊട്ടാരക്കര മേൽകുളങ്ങര സ്വദേശി പി.വി. അഭിലാഷ് കേരളകൗമുദിയോട് പറഞ്ഞു. തീർത്ഥാടകർക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള അതിഥി മന്ദിരം നിർമ്മിക്കും. സംഘമായി വന്നാലും താമസിക്കാം. നാമമാത്രമായ വാടക ഈടാക്കിയായിരിക്കും മുറികൾ നൽകുന്നത്. കുന്താപുരം താലൂക്കിൽ ക്ഷേത്രത്തിന്റെ കീഴിൽ വൻകിട ആശുപത്രി നിർമ്മിക്കുന്നതിനും ആലോചനയുണ്ട്.

'പുണ്യംപൂങ്കാവനം"

മാതൃകിൽ

ശബരിമലയെ മാലിന്യമുക്തമാക്കിയ 'പുണ്യം പൂങ്കാവനം" മാതൃക കൊല്ലൂർ ക്ഷേത്ര സന്നിധിയിൽ നടപ്പിലാക്കാനുള്ള ആലോചനയും ട്രസ്റ്റി ബോർഡിനുണ്ട്. ശബരിമലയിൽ പദ്ധതിയെ വിജയിപ്പിച്ച എ.ഡി.ജി.പി പി. വിജയനുമായി ട്രസ്റ്റി പി.വി.അഭിലാഷ് സംസാരിച്ചുകഴിഞ്ഞു. സൗപർണികയും ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന തോടും മലിനമാകുന്നത് തടയും.

യാത്രാ സൗകര്യം

വർദ്ധിപ്പിക്കും

കൊല്ലൂരിലേക്ക് വരുന്ന മലയാളി ഭക്തരുടെ പ്രയാസം ലഘൂകരിക്കുന്നതിന് യാത്രാസൗകര്യം വർദ്ധിപ്പിക്കും. കേരളത്തിൽ നിന്ന് കൂടുതൽ ബസുകൾ ആരംഭിക്കുന്നതിന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കാണും. കൊങ്കൺ വഴി ഓടുന്ന മുഴുവൻ ട്രെയിനുകൾക്കും ബൈന്ദൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി, മലിനീകരണ പ്ലാന്റ്, റോഡ് വികസനം തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്.