രുദ്ര അഭിനയത്തിലേക്ക് തിരിച്ചെത്തി
മണിച്ചിത്രത്താഴ് സിനിമയിൽ അല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ
മണിച്ചിത്രത്താഴ് സിനിമയിൽ അല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രുദ്രയെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധ നേടിയ രുദ്ര വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും മടങ്ങിയെത്തി. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ച .സുഴൽ : ദ വോർടെക്സ് സീസൺ 2 എന്ന തമിഴ് സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. ലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ മാലതിയുടെ വേഷമാണ് രുദ്ര അവതരിപ്പിക്കുന്നത്. കണ്ണൂർ ആണ് രുദ്രയുടെ നാട്. ആർ.വി. അശ്വനി എന്നാണ് യഥാർത്ഥ പേര്. ഭാരതിരാജ സംവിധാനം ചെയ്ത പുതുനെല്ല് പുതുനാടിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം. മുകേഷിന്റെ നായികയായി അനിൽ സംവിധാനം ചെയ്ത പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
ആയുഷ്‌കാലം, കൗരവർ, മലയാള മാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ളൈസ്, ധ്രുവം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഉപനായിക വേഷങ്ങളിലാണ് ഏറെ അഭിനയിച്ചത്.
1996 ൽ കുടുംബക്കോടതി എന്ന ചിത്രത്തിലാണ് മലയാളി പ്രേക്ഷകർ രുദ്രയെ അവസാനം കണ്ടത്. ഇടയ്ക്ക് മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. ബാലു മഹേന്ദ്രയുടെ രാമൻ അബ്ദുള്ള ആണ് മറ്റൊരു ശ്രദ്ധേയചിത്രം. 2019 ൽ തമിഴ് സീരിയലുകളിൽ രുദ്ര സജീവമായിരുന്നു.
വിവാഹിതയായി സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ രുദ്ര അവിടെ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.