ഷഹബാസിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ പിതാവും പ്രതിയാകും
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിനെ മർദ്ദിച്ചുകൊന്ന കേസിൽ മുഖ്യപ്രതിയുടെ പിതാവിനെയും പ്രതിയാക്കുമെന്നാണ് വിവരം. ഷഹബാസിനെ മർദ്ദിച്ച നഞ്ചക്ക് മുഖ്യപ്രതിക്ക് നൽകിയത് പിതാവായിരുന്നു. ഇതേത്തുടർന്നാണ് ഇയാളെയും പ്രതിയാക്കാൻ പൊലീസ് ആലോചിക്കുന്നത്.
താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകളുമുണ്ട്. കേസിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ആന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്.പി കെ.ഇ. ബൈജു പറഞ്ഞു. ഇയാളുടെ മുൻകാല പശ്ചാത്തലവും കേസുമായുള്ള ബന്ധവും പരിശോധിക്കുകയാണെന്നും എസ്.പി പറഞ്ഞു.
മുഖ്യപ്രതിയായ കുട്ടിയാണ് നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിനെ ഇടിച്ചതെന്നാണ് വിവരം. ആയോധനകലകളിൽ പരിചയമുള്ള ഈ കുട്ടിയുടെ വീട്ടിൽ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയത്. എന്നാൽ കേസിൽ മുതിർന്നവർക്ക് നേരിട്ട് പങ്കുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. ഷഹ്ബാസിനെ വീട്ടിലെത്തിച്ചവരടക്കമുള്ളവരുടെ മൊഴിയുമെടുക്കും.
കുട്ടിക്കുറ്രവാളികളുടെ പരീക്ഷയിൽ പ്രതിഷേധം
പ്രതികളായ അഞ്ചു വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷയെഴുതിച്ചതിനെതിരെ വ്യാപക പ്രതിഷേധവുമുണ്ടായി. വെള്ളിമാട് കുന്ന് ഒബ്‌സർവേഷൻ ഹോമിലെ പ്രത്യേക സെന്ററൊരുക്കിയായിരുന്നു പരീക്ഷ. ഇവിടേക്ക് രാവിലെ ആറു മണിമുതൽ കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരിൽ ചിലർ മതിൽ ചാടിക്കടന്ന് ജുവൈനൽ ഹോമിൽ കയറി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. ശക്തമായ പൊലീസ് കാവലിലായിരുന്നു പരീക്ഷ നടത്തിയത്.
നീതി കിട്ടുമോ എന്ന് പേടി: പിതാവ്
കോപ്പിയടിച്ചവരെപോലും മാറ്റിനിറുത്തുന്ന പരീക്ഷയിൽ കൊലപാതകികൾക്ക് അവസരമൊരുക്കിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞു. രക്ഷിതാവെന്ന നിലയിൽ വലിയ പ്രയാസമുണ്ട്. പ്രതീക്ഷയോടെ പരീക്ഷയ്ക്കായി തയ്യാറെടുത്തുപോയ മകന്റെയും കുടുംബത്തിന്റെയും ഭാവി തകർത്തവർക്കാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. കേസിൽ വലിയ സ്വാധീനമാണ് നടക്കുന്നത്. നീതികിട്ടുമോ എന്ന് പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.