മഴക്കാലപൂർവ ശുചീകരണം കേവലം ചടങ്ങാകരുത്

Tuesday 04 March 2025 1:38 AM IST

മഴക്കാലം തുടങ്ങുന്നതിനു മുമ്പ് അനുഷ്ഠാനം പോലെ നടക്കാറുള്ള ശുചീകരണ യജ്ഞം ഏറ്റെടുത്ത് മാർച്ച് 31-നകം തന്നെ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. കഴിഞ്ഞവർഷം മഴ നേരത്തെ എത്തിയതുകൊണ്ടോ എന്നറിഞ്ഞില്ല,​ മഴക്കാലപൂർവ ശുചീകരണം പല സ്ഥലത്തും നടന്നില്ലെന്നുതന്നെ പറയാം. തുടങ്ങിയ ഇടങ്ങളിൽത്തന്നെ മുഴുമിപ്പിക്കാനും കഴിഞ്ഞില്ല. മഴക്കാലം പകർച്ചവ്യാധികളെയും ഒപ്പം കൂട്ടുന്നതിനാൽ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത മുൻകരുതലായി മഴക്കാലപൂർവ ശുചീകരണം മാറിയിട്ടുണ്ട്. മാലിന്യസംഭരണവും സംസ്കരണവും ഇത്രകാലമായിട്ടും നേരെയാകാത്തതാണ് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നം.

പരീക്ഷണങ്ങൾ പലതും നടന്നുകഴിഞ്ഞു. ഇപ്പോഴും പുതിയ പരീക്ഷണങ്ങൾക്ക് കുറവൊന്നുമില്ല. എന്നാൽ,​ മാലിന്യ സംസ്കരണത്തിന് അവശ്യം സ്വീകരിക്കേണ്ട ശാസ്ത്രീയ മാർഗങ്ങളിലേക്ക് എത്തിപ്പെടാൻ തദ്ദേശസ്ഥാപനങ്ങൾക്കു കഴിയുന്നില്ല. മാലിന്യ സംഭരണവും സംസ്കരണവും ഏറ്റവും വിജയകരമായി നടക്കുന്ന സ്ഥലങ്ങൾ രാജ്യത്തുണ്ട്. കേരളത്തിൽത്തന്നെയും ഉദാഹരണങ്ങളുണ്ട്. എന്നാൽ ആ മാർഗങ്ങൾ സ്വീകരിക്കാതെ താത്‌കാലിക ശാന്തി തേടുകയാണ് പല തദ്ദേശ സ്ഥാപനങ്ങളും. സംസ്ഥാനത്തെ ഒട്ടുമിക്ക നഗരപ്രദേശങ്ങളുടെയും വഴിയോരങ്ങളും ഒഴിഞ്ഞ പറമ്പുകളും മാലിന്യം നിറച്ച ചാക്കുകളാൽ സമൃദ്ധമാണ് ഇന്ന്. ഗാർഹിക മാലിന്യങ്ങൾ മാത്രമല്ല, മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. മാലിന്യങ്ങളിൽ വലിയൊരു പങ്ക് ജലസ്രോതസുകളിൽ എത്തുന്നതിനാൽ വായുവിനൊപ്പം ജലവും ഏറെ ദുഷിച്ചുകഴിഞ്ഞു.

ചെറിയ ജലസ്രോതസുകൾ മാത്രമല്ല,​ വേമ്പനാട്ടു കായൽ പോലുള്ള വലിയ ജലാശയങ്ങളും മാലിന്യ വാഹിനികളായി മാറിക്കഴിഞ്ഞു. ഇവയൊക്കെ ഏതു കാലത്ത് വീണ്ടെടുക്കാനാകുമെന്ന് ആർക്കും നിശ്ചയമില്ല. മഴക്കാലപൂർവ ശുചീകരണം വിജയപ്രദമാകണമെങ്കിൽ മാലിന്യ സംസ്കരണത്തിന് കൃത്യവും ഫലപ്രദവുമായ കർമ്മപദ്ധതികൾ കൂടി തയ്യാറാക്കണം. തിരുവനന്തപുരം നഗരസഭ ഈ വിഷയത്തിൽ കർമ്മപദ്ധതി ആവിഷ്കരിച്ചതായി വാർത്ത വന്നിരുന്നു. നല്ല കാര്യമാണ്. രാഷ്ട്രീയം മാറ്റിവച്ച് മഴക്കാലപൂർവ ശുചീകരണ യത്നങ്ങളിൽ ഒറ്റക്കെട്ടായി പങ്കെടുക്കാനും കൗൺസിലർമാർ മുന്നോട്ടുവന്നിട്ടുണ്ട്. ഡ്രൈ ഡേ ആചരണം, ഓടകളും തോടുകളും വൃത്തിയാക്കൽ, വിദ്യാഭ്യാസ സ്ഥപനങ്ങളിലും ഹോസ്റ്റലുകളിലും പ്രത്യേക ശുചീകരണ പരിപാടി, കിണറുകളുടെ സംരക്ഷണം, കൊതുകുനിവാരണം തുടങ്ങിയ കാര്യങ്ങൾ കർമ്മപദ്ധതിയിൽ ഉൾ‌പ്പെടുത്തിയിട്ടുണ്ട്.

വാർഡുകൾ തോറും പ്രത്യേക സമിതി രൂപീകരിച്ച് മഴക്കാലപൂർവ ശുചീകരണം അതിന്റെ നേതൃത്വത്തിലാക്കിയാൽ കാര്യങ്ങൾ എളുപ്പമാകും. എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ പങ്കാളിത്തം കൂടി നേടാനായാൽ യജ്ഞം വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ല. വീടും പരിസരങ്ങളും മാത്രമല്ല, പൊതുസ്ഥലങ്ങളും മാർക്കറ്റുകളും ആശുപത്രികളും പൊതുവിദ്യാലയങ്ങളുമെല്ലാം ശുദ്ധിയോടും ശുചിത്വത്തോടുംകൂടി ഇരുന്നാലേ സംസ്ഥാനം വൃത്തിയുള്ളതെന്ന് പറയാനാവൂ. വ്യക്തിശുചിത്വത്തിൽ മികവു പുലർത്തുന്ന കേ‌രളീയർ എന്തുകൊണ്ട് പൊതുസ്ഥലങ്ങളും അപ്രകാരം വൃത്തിയായി പരിപാലിക്കുന്നില്ലെന്നത് ഉത്തരം കിട്ടേണ്ട ചോദ്യം തന്നെയാണ്. മഴക്കാലപൂർവ ശുചീകരണം എത്രത്തോളം കാര്യക്ഷമമാകുന്നു എന്നതിനെ ആശ്രയിച്ചാകും പകർച്ചവ്യാധികളുടെ നിയന്ത്രണം. നിലവിൽ ഒട്ടേറെ പകർച്ചവ്യാധികളുടെ പിടിയിലാണ് സംസ്ഥാനം. മഴ തുടങ്ങാനിരിക്കുകയാണ്,​ അവ പിടിവിട്ടു കുതിക്കാൻ.