സുരേഷ് ഗോപിയുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് അലൻസിയർ
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുമായി സൗഹൃദമാണെന്നും അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അലൻസിയർ. ''രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പക്ഷേ ഞങ്ങൾ കലാകാരന്മാരാണ്. അദ്ദേഹത്തിന്റെ മകൻ മാധവ് സുരേഷ് നായകനായ സിനിമയിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. അദ്ദേഹവുമായി ഒരു തവണ സെറ്റിൽ വച്ച് വീഡിയോ കോൾ വിളിച്ചു. അപ്പോൾ എന്നോട് പറഞ്ഞു അലൻസിയർ ഉള്ള ദിവസം സെറ്റിലേക്ക് വരും അലൻസിയറെ കാണണമെന്നും പറഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം വന്നപ്പോൾ കണ്ടു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിൽ എല്ലാവർക്കുമുണ്ടാകും. ഏകധിപത്യമല്ലല്ലോ, ഫാസിസമല്ലല്ലോ. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ കൊന്നുകളയില്ലല്ലോ. അപ്പോൾ അദ്ദേഹം വന്നു. സ്‌നേഹത്തോടെ എല്ലാവരോടും പറഞ്ഞു. ഞാൻ എന്റെ മകനെ കാണാൻ വന്നതല്ല, അലൻസിയർ ഇവിടെ ഉണ്ടെന്നറിഞ്ഞ് കാണാൻ വന്നതാണ്. അഭിപ്രായം ചോദിച്ചു കുറെ സീനുകൾ കണ്ടു. എന്റെയൊരു സീൻ കണ്ടു. സംവിധായകൻ ചോദിച്ചു. എങ്ങനെയുണ്ട്. അല്ല അദ്ദേഹം ഇതിനുവേണ്ടി പറഞ്ഞതാണല്ലോ, അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു മകന്റെ പെർഫോമൻസിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവൻ നിങ്ങളെയൊക്കെ കണ്ട് പഠിക്കട്ടേ എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയി. അത്രയുമാണ് സംഭവിച്ചത് അല്ലാതെ അദ്ദേഹം രാഷ്ട്രീയം മാറിയിട്ടുമില്ല, ഞാനും മാറിയിട്ടില്ല.'' അലൻസിയറിന്റെ വാക്കുകൾ.