മംഗളവാദ്യങ്ങൾ മുഴങ്ങും; ആറ്റുകാൽ ദേവിക്കിന്ന് കാപ്പുകെട്ട് ഒരുക്കങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി; പ്രദേശവാസികൾക്ക് പ്രത്യേക ഐ.ഡി കാർഡ്

Wednesday 05 March 2025 2:59 AM IST

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് മംഗളാരംഭം. ഇന്ന് രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത്. ഒൻപതാം ഉത്സവദിനമായ 13നാണ് പൊങ്കാല.

അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ഉത്സവ ദിവസങ്ങളിൽ പ്രദേശവാസികൾക്ക് പ്രത്യേക ഐഡന്റിന്റി കാർഡ് നൽകണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് യാത്രാതടസം നേരിടാതിരിക്കാനാണിത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കുടിവെള്ളം, ഭക്ഷണം എന്നിവയുടെ സുരക്ഷ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും പാടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനകൾ ശക്തമാക്കണം. വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും മുഖ്യമന്ത്രി വിലയിരുത്തി.

ഇത്തവണ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലും കൂടുതൽ വനിതാ ഉദ്യോഗസ്ഥരുണ്ടാകും.

ക്ഷേത്ര പരിസരത്ത് ലഹരി പദാർത്ഥങ്ങൾ അനുവദിക്കില്ല. എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡുകൾ 24 മണിക്കൂർ ഡ്യൂട്ടിക്കുണ്ടാകും. കെ.എസ്.ആർ.ടി.സി എഴുന്നൂറോളം സർവീസുകൾ നടത്തും. ശബരിമലയിൽ കഴിഞ്ഞ മണ്ഡല – മകരവിളക്കു കാലം വിജയകരമായി പൂർത്തിയാക്കാനായത് ഉദ്യോസ്ഥരുടെ മികച്ച ടീം വർക്കിന്റെ ഫലമായിരുന്നുവെന്ന് അദ്ധ്യക്ഷനായിരുന്ന മന്ത്രി വി.എൻ.വാസവൻ ചൂണ്ടിക്കാട്ടി.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചും വകുപ്പുകൾ കൂട്ടായി ടീം വർക്ക് പുറത്തെടുക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ, ആന്റണി രാജു എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പുകളുടെ തലവന്മാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിനു മുന്നിൽ കല്ല് പാകി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം മേയർ നിർവഹിച്ചു. സന്ധ്യയോടെ ക്ഷേത്രവും പരിസരവും അലങ്കാരദീപങ്ങളിൽ കുളിച്ചു.

ഉദ്ഘാടനം ചെയ്യാൻ നമിതാ പ്രമോദ്

ഇന്ന് വൈകിട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം നമിതാ പ്രമോദ് നിർവഹിക്കും. അംബ, അംബിക, അംബാലിക വേദികളിലായാണ് കലാപരിപാടി. രാത്രി ഒന്നു വരെ വേദികൾ സജീവമായിരിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 10.30മുതൽ അംബ,കാർത്തിക ഓഡിറ്റോറിയങ്ങളിൽ പ്രസാദഊട്ട് ഉണ്ടായിരിക്കും.

കുത്തിയോട്ട വ്രതാരംഭം: 7ന് രാവിലെ 9.15ന്

പൊങ്കാല അടുപ്പ്‌വെട്ട്: 13ന് രാവിലെ 10.15ന്, നിവേദ്യം:1.15ന്

നാളെ രാത്രി 8 ന് ചലച്ചിത്രതാരം ജയരാജ് വാര്യരും കല്ലറ ഗോപനും നയിക്കുന്ന ഗാനമേള.

7ന് വൈകിട്ട് 6.30ന് എ.ഡി.ജി.പി ശ്രീജിത്തും സംഘവും നയിക്കുന്ന സംഗീത സന്ധ്യ.

9ന് വൈകിട്ട് 6ന് 101 കലാകാരൻമാരെ അണിനിരത്തി ചലച്ചിത്ര താരം ജയറാം നയിക്കുന്ന പഞ്ചാരിമേളം

11ന് രാത്രി 10 ന് താരങ്ങളായ പത്മപ്രിയ, മിയ, പ്രിയങ്ക നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഗാഷോ