രഞ്ജി ട്രോഫിയിലെ കേരള മുദ്ര

Wednesday 05 March 2025 3:22 AM IST

രഞ്ജി ട്രോഫി സ്വന്തമാക്കാനായില്ലെങ്കിലും കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തിയ റണ്ണേഴ്സ് അപ്പ് സ്ഥാനവുമായാണ് സച്ചിൻ ബേബിയും സംഘവും തിരിച്ചെത്തിയത്. തിരു-കൊച്ചിയിൽ തുടങ്ങി കേരളമായി മാറിയ ടീം ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ട്രോഫിയുടെ ഫൈനലിൽ കളിച്ചത്. ഇതിനു മുമ്പ് രണ്ടുതവണ കിരീടമുയർത്തിയ വിദർഭയുടെ മൂന്നാമൂഴത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ സമനില വഴങ്ങിയാണ് കേരളം കിരീടം കൈവിട്ടത്. ഹോംഗ്രൗണ്ടായ നാഗ്പൂരിൽ നടന്ന ഫൈനലിൽ ടോസ് നഷ്ടപ്പെട്ട വിദർഭ ആദ്യ ഇന്നിംഗ്സിൽ 379 റൺസാണ് നേടിയിരുന്നത്. കേരളത്തിന്റെ ഒന്നാംഇന്നിംഗ്സ് 342-ൽ അവസാനിച്ചപ്പോൾതന്നെ മത്സരത്തിന്റെ വിധി വ്യക്തമായിരുന്നു. അവസാന ദിനം വിദർഭയുടെ രണ്ടാം ഇന്നിംഗ്സ് 375/9ൽ എത്തിയപ്പോഴാണ് സമനില സമ്മതിച്ച് കളി അവസാനിപ്പിച്ചത്. ഒന്നാം ഇന്നിംഗ്സിലെ 37 റൺസ് ലീഡിലാണ് വിദർഭ ജേതാക്കളായി നിശ്ചയിക്കപ്പെട്ടത്.

ചാമ്പ്യന്മാരാകാൻ കഴിഞ്ഞില്ലെങ്കിലും ഫൈനലിൽ കളിച്ചത് കേരള ക്രിക്കറ്റിന് നൽകുന്ന ആത്മവിശ്വാസത്തിന്റെ അളവ് വ്യക്തമാക്കുന്നതാണ് റണ്ണേഴ്സ്അപ്പ് കിരീടവുമായെത്തിയ ടീമിന് കായികകേരളം നൽകിയ വരവേൽപ്പ്. ദേശീയ ക്രിക്കറ്റിൽ കേരളം ഒന്നുമല്ലാതിരുന്ന കാലത്തുനിന്ന് രഞ്ജി ട്രോഫിയിലും വിജയ്‌ഹസാരേ ട്രോഫിയിലും സെയ്‌ദ് മുഷ്താഖ് ട്രോഫിയിലുമൊക്കെ മികച്ച ടീമുകളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ടീമിൽ മലയാളി സാന്നിദ്ധ്യം സ്വപ്നമായിരുന്ന സമയത്തുനിന്ന് സഞ്ജു സാംസണെന്ന മലയാളി അന്തരാരാഷ്ട്ര ശ്രദ്ധനേടുന്നു. പുരുഷ ക്രിക്കറ്റിൽ മാത്രമല്ല, വനിതാ ക്രിക്കറ്റിലും മികച്ച താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യുന്നു. മിന്നുമണി, സജന സജീവൻ, ആശ ശോഭന, ജോഷിത തുടങ്ങിയ ഒരുപിടി രാജ്യാന്തര നിലവാരമുള്ള വനിതാ താരങ്ങൾ കേരളത്തിന്റെ അഭിമാനമാണ്. മറ്റ് കായിക അസോസിയേഷനുകളെപ്പോലെ സർക്കാരിന്റെ കനിവിനായി കാത്തിരിക്കാതെ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനുമുള്ള സാമ്പത്തികഭദ്രത കേരള ക്രിക്കറ്റ് അസോസിയേഷനുള്ളതാണ് സംസ്ഥാനത്തിന്റെ ക്രിക്കറ്റ് വളർച്ചയ്ക്കു കാരണം.

എല്ലാ ജില്ലയിലും സ്റ്റേഡിയങ്ങൾ നിർമ്മിക്കാനും ക്രിക്കറ്റ് അക്കാഡമികൾ സ്ഥാപിക്കാനും വർഷങ്ങൾക്കു മുമ്പ് കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്നിട്ടിറങ്ങിയതാണ് ഈ മാറ്റത്തിന് വഴിമരുന്നിട്ടത്. തിരുവനന്തപുരത്ത് മംഗലപുരത്തും തുമ്പയിലും മികച്ച ഗ്രൗണ്ടുകളൊരുക്കിയ കെ.സി.എ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതലയും നിർവഹിക്കുന്നു. ജില്ലാതല ക്രിക്കറ്റ് അക്കാഡമികളിൽ മികച്ച നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കിയതിന്റെ ഗുണഫലമായാണ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ അക്കാഡമിയിൽ നിന്ന് ഒരുപിടി താരങ്ങൾ ഉദിച്ചുയർന്നത്. ഇപ്പോഴത്തെ കെ.സി.എ ഭരണസമിതിയാണ് കഴിഞ്ഞ വർഷം ഐ.പി.എൽ മാതൃകയിലുള്ള സ്വന്തം ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് ട്വന്റി-20 ഫോർമാറ്റിലെ തങ്ങളുടെ മികവ് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള വലിയൊരു വേദിയായി ഈ ലീഗ് മാറി. വരും സീസണുകളിലും ലീഗ് തുടരാനാണ് തീരുമാനം.

യുവതാരങ്ങൾക്ക് ക്രിക്കറ്റ് ഒരു പ്രചോദനമായി മാറാനുള്ള നടപടികളാണ് കെ.സി.എ സ്വീകരിക്കുന്നത്. രഞ്ജി ട്രോഫി ഫൈനലിന് കാണികളാകാൻ അണ്ടർ-14, 16 തലങ്ങളിലെ കളിക്കാരെ വിമാനത്തിൽ നാഗ്പൂരിലെത്തിച്ച കെ.സി.എ നടപടി ശ്ളാഘനീയമാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് രഞ്ജി ട്രോഫി ഫൈനലിസ്റ്റുകളാകാൻ നമുക്കു കഴിഞ്ഞത്. എന്നാൽ ഈ കുതിപ്പ് തുടർന്നാൽ ആ കിരീ‌ടം കേരളത്തിലെത്തിക്കാൻ കഴിയും. അടുത്ത സീസണിൽത്തന്നെ അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഫൈനൽ വരെയുള്ള നമ്മുടെ യാത്രയ്ക്ക് ചുക്കാൻ പിടിച്ച നായകൻ സച്ചിൻ ബേബിക്കും മുഖ്യപരിശീലകൻ അമേയ് ഖുറേസ്യയ്ക്കും ചീഫ് സെലക്ടർ പി. പ്രശാന്തിനും മറ്റു കളിക്കാർക്കും പരിശീലകർക്കും സെലക്ടർമാർക്കും എല്ലാറ്റിനുമുപരി ടീമിന് താങ്ങും തണലുമായി നിന്ന കേരള ക്രിക്കറ്റ് അസോസിയേഷനും അഭിനന്ദനങ്ങൾ.