വസ്ത്രത്തിൽ ഒളിപ്പിച്ചത് 12 കോടിയുടെ സ്വർണം; കന്നട നടിക്ക് ഉന്നതരുമായി ബന്ധം

Wednesday 05 March 2025 7:14 AM IST

ബംഗളൂരു: 12 കോടി രൂപ വിലമതിക്കുന്ന സ്വർണം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡയറക്ടറേ​റ്റ് ഒഫ് ഇന്റലിജെൻസ് ഉദ്യോഗസ്ഥരാണ് നടിയുടെ അറസ്​റ്റ് രേഖപ്പെടുത്തിയത്. 14.8 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിടുകയും ചെയ്തു. രന്യ കുറച്ച് സ്വർണം അണിഞ്ഞും ബാക്കി സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.

ദുബായിൽ നിന്ന് എമിറേ​റ്റ്സ് വിമാനത്തിലാണ് നടി എത്തിയത്. അടുത്തിടെ നടിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതിനാൽ കുറച്ചുനാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ രന്യ നാല് തവണ ദുബായ് സന്ദർശിച്ചതായും കണ്ടെത്തി.

കസ്​റ്റംസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ നടി തന്റെ ബന്ധങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. വിമാനമിറങ്ങിയ നടി, കർണാടക ഡയറക്ടർ ജനറലിന്റെ മകളാണെന്നും സംരക്ഷണത്തിനായി പൊലീസ് വേണമെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്. നടിക്ക് മ​റ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അറസ്​റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലെ എച്ച്ബിആർ ലേഔട്ടിലുളള ഡിആർഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയിരുന്നു. കന്നട നടൻ സുദീപിന്റെ നായികയായി മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ ശ്രദ്ധേയമായത്.