ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

Wednesday 05 March 2025 8:59 AM IST

ഹൈദരാബാദ്: ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. മാർച്ച് രണ്ടിന് ഹൈദരാബാദിലെ നിസാംപേട്ടിലെ വീട്ടിൽ വച്ച് ഉറക്കഗുളിക അമിതമായി കഴിച്ചെന്നാണ് റിപ്പോർട്ടുകൾ.വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗായിക നിലവിൽ വെന്റിലേറ്ററിലാണ്.

രണ്ട് ദിവസമായിട്ടും കൽപ്പന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്റ് സെക്യൂരിറ്റിയാണ് അയൽക്കാരെ വിവരമറിയിച്ചത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുളളിൽ കയറിയത്. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല.

പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ അഞ്ചിലെ വിജയിയാണ് കൽപ്പന. ഇളയരാജ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സംഗീത സംവിധായകരുമായി കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളായി 1500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കമലഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു.ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തിരുന്നു.