പകരത്തിന് പകരം, തീരുവയിൽ ഉറച്ച് ട്രംപ്; ഏപ്രിൽ രണ്ട് മുതൽ അമേരിക്കയിൽ പുതിയ മാറ്റങ്ങൾ

Wednesday 05 March 2025 11:21 AM IST

വാഷിംഗ്‌ടൺ: പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. 'അമേരിക്ക തിരിച്ചുവന്നു' എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മുൻ സർക്കാരുകൾ എട്ട് വർഷം കൊണ്ട് ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ 43 ദിവസങ്ങൾ കൊണ്ട് തങ്ങൾ ചെയ്തുവെന്നും ട്രംപ് അവകാശപ്പെടുന്നു.

സർക്കാർ തലത്തിലുള്ള എല്ലാ സെൻസർഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്കാര സ്വാതന്ത്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. മനുഷ്യർ പുരുഷ, സ്ത്രീ എന്നിങ്ങനെ രണ്ട് തരം മാത്രമേയുള്ലൂവെന്നും ട്രാൻസ്ജെൻഡർ എന്ന വിഭാഗമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാമെന്നും ട്രംപ് ആവർത്തിച്ചു.

'യുറോപ്യൻ രാജ്യങ്ങൾ, ഇന്ത്യ, ചെെന, ബ്രസീൽ എന്നിവരെല്ലാം കൂടുതൽ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100 ശതമാനം ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യുഎസും തീരുവ ചുമത്തും. ഏപ്രിൽ രണ്ട് മുതൽ പകരത്തിന് പകരം തീരുവ തുടങ്ങും. അമേരിക്കയിലെ കർഷകർക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ എത്തുന്നുണ്ട്. ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽവരുന്ന പുതിയ താരിഫുകൾ കാർഷിക ഉത്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണ്',- അദ്ദേഹം വ്യക്തമാക്കി.

വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് ആ രാജ്യങ്ങൾ യുഎസ് കയറ്റുമതിയിൽ ചുമത്തുന്ന അതേ താരിഫ് നിരക്കുകൾ ചുമത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുള്ള അലൂമിനിയം, ചെമ്പ്, സ്റ്റീൽ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തി. ഈ തീരുമാനം തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി. മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകൾക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് ഉറപ്പ് നൽകി. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് നൽകിയ ഇളവുകൾ നിർത്തുകയാണെന്നും ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനെെൽ ലഹരിമരുന്ന് ഈ രാജ്യങ്ങളിൽ നിന്നാണ് അമേരിക്കയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.