'ദിവസവും പലിശ നൽകിയത് 10,000 രൂപവരെ, ഇത് താങ്ങാനാകാത്തതിനാൽ കൂട്ടക്കൊല നടത്തി'; താനും മരിക്കുമെന്ന് അഫാൻ

Wednesday 05 March 2025 11:50 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാദ്ധ്യത തന്നെയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പ്രതി അഫാൻ. കടബാദ്ധ്യത കാരണം ബന്ധുക്കൾ നിരന്തരം അധിക്ഷേപിച്ചു. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത്. താനും മരിക്കുമെന്നും അഫാൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.

ദിവസം പതിനായിരം രൂപവരെ പലിശ നൽകേണ്ടി വന്നത് താങ്ങാനായില്ല. അങ്ങനെയാണ് എല്ലാവരെയും കൊലപ്പെടുത്തിയതിനുശേഷം മരിക്കാൻ തീരുമാനിച്ചത്. താൻ മരിക്കാത്തതിൽ അസ്വസ്ഥനാണെന്നും അഫാൻ ജയിൽ അധിക‌ൃതരോട് പറഞ്ഞു. അഫാനും അമ്മ ഷെമിക്കും ഏതാണ്ട് 60 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർക്ക് പണം കടം കൊടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആർഭാട ജീവിതമാകാം കടത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. അഫാന്റെ പിതാവ് റഹീം സൗദിയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്നയാളാണ്. കൊവിഡ് സമയത്ത് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയിൽ തന്നെയാണ് ജീവിതം തുടർന്നത്. ഇതിനായാണ് പലരിൽ നിന്നും കടം വാങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം.

പിന്നീട് അമ്മയും മകനും ഒരുമിച്ച് ബന്ധുക്കളെ ചേർത്ത് ചിട്ടി നടത്തിയിരുന്നു. എന്നാൽ ചിട്ടി ലഭിച്ച ബന്ധുക്കൾക്ക് പണം നൽകാൻ കഴിയാതെ വന്നതോടെ പ്രശ്നം വഷളായി. പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു വായ്‌പകളിൽ ഏറെയും. മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷം പലർക്കും ഗൂഗിൾ പേ വഴി അയച്ചുനൽകി. അതേസമയം, കടബാദ്ധ്യത സംബന്ധിച്ച അഫാന്റെ മൊഴിയും പിതാവ് റഹീമിന്റെ മൊഴിയും തമ്മിലെ പൊരുത്തക്കേടുകൾ നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.