ചെമ്പതാക ഉയർന്നു: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം:വിഷയങ്ങളേറെ,‌ ചർച്ചയ്ക്ക് ചൂടേറും

Thursday 06 March 2025 1:56 AM IST

കൊല്ലം: രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവർത്തനം മുതൽ, വിവിധ വിഷയങ്ങളിലെ സർക്കാർ - പാർട്ടി നിലപാടുകൾ വരെ. ഇന്നാരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ചൂടേറുന്ന ചർച്ചയ്ക്ക് വിഷയങ്ങളേറെ. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടും തുടർ ദിവസങ്ങളിലടക്കം അതേക്കുറിച്ച് നടക്കുന്ന ചർച്ചയും നിർണായകമാകും.

ബ്രാഞ്ച് മുതൽ ജില്ലാതലം വരെ നടന്ന സമ്മേളനങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് നേതൃത്വത്തിനും ഭരണത്തിനുമെതിരെ വിമർശനങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സമ്മേളനത്തിൽ കടുത്ത വിമർ‌ശനങ്ങൾ വരുമോയെന്നാണ് ഉറ്റു നോക്കുന്നത്. എന്നാൽ വിഭാഗീയമായ ചേരിതിരിവുണ്ടാവാതിരിക്കാൻ നേതൃത്വം ജാഗരൂകമാണ്.

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത്, വാനോളം ഉയർന്ന ഇൻക്വിലാബ് വിളികളുടെ മുഴക്കത്തിൽ ഇന്നലെ വൈകിട്ട് പതാക ഉയർന്നു. മന്ത്രിയും സ്വാഗത സംഘം ചെയർമാനുമായ കെ.എൻ. ബാലഗോപാലാണ് പതാക ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമക‌ൃഷ്ണൻ, മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ആർ. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, എം.എൽ.എമാർ, സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാവിലെ ഒമ്പതിന് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) എ.കെ. ബാലൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനുള്ള പുതുവഴികൾ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

ചർച്ചയാകാവുന്ന വിഷയങ്ങൾ

 മൂന്നാം ഭരണത്തുടർച്ച

 നവ കേരള വികസനരേഖ

 മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനം

 തൊഴിൽ - ക്ഷേമ പെൻഷൻ തട്ടിപ്പ്

 പി.എസ്.സി അംഗങ്ങളുടെ ശമ്പള വർദ്ധന
 ആശാവർക്കർമാരുടെ സമരത്തിലെ നിലപാട്
 കിഫ്ബി റോഡുകളിലെ ടോൾ
 നവീൻ ബാബുവിന്റെ മരണവും പി.പി. ദിവ്യയും
 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി
 പൂരം കലക്കലടക്കം പൊലീസിന്റെ വീഴ്ചകൾ

 എസ്.എഫ്.ഐക്കെതിരായ റാഗിംഗടക്കമുള്ള വിവാദം,
 ഇ.പിയുടെ പുസ്തകവും മറ്റ് വിവാദങ്ങളും

പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം

മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മയപ്പെടുത്തി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേതൃത്വത്തിലുള്ളവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് താൻ പറഞ്ഞതെന്നും, മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ബന്ധുക്കൾക്കോ അനുഭാവികൾക്കോ മദ്യപിക്കുന്നതിന് തടസമില്ല. ഇതൊരു സുപ്രഭാതത്തിലുണ്ടായ വെളിപാടല്ല. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കും. പ്രായപരിധി 75 കഴിഞ്ഞവർ പുറത്തു പോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.