വനിതാ കോൺസ്റ്റബിൾ നിയമനം വൈകരുത്

Friday 07 March 2025 4:16 AM IST

രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മിഷനാണ് കേരളത്തിലേതെന്ന് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസാ വാക്കുകൾ. മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സുതാര്യവും അഴിമതിരഹിതവുമാണ് കേരളത്തിലെ പി.എസ്.സി എന്നത് നിസ്‌തർക്കമാണ്. സമൂഹത്തിലെ പ്രമുഖരായ പലരും പി.എസ്.സി അംഗങ്ങളായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പി.എസ്.സി ലിസ്റ്റിൽ കയറിക്കൂടുക എന്നത് ശരാശരി മലയാളിയുടെ വലിയ സ്വപ്നമാണ്. ചുരുക്കം ഒഴിവുകളിലേക്കു വേണ്ടി ആയിരങ്ങളും ലക്ഷങ്ങളുമാണ് സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത്. മിക്ക ജോലികൾക്കും എഴുത്തുപരീക്ഷയ്ക്ക് പുറമെ അഭിമുഖ പരീക്ഷയും പാസാകണം.

പരീക്ഷ നടത്തുന്നതിനും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും പഴയ കാലത്തെ അപേക്ഷിച്ച് കാലതാമസം കുറഞ്ഞിട്ടുണ്ട്. എന്നാൽ, വിവിധ ലിസ്റ്റിൽ നിയമനം പലപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത് ഒരു സർക്കാർ ജോലിയിൽ കണ്ണുംനട്ട് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാക്കുന്ന മനോവിഷമം ചെറുതല്ല. നിയമനം നടക്കാത്തതിന് പി.എസ്.സിയെ ശപിചിട്ട് കാര്യമില്ല. പലപ്പോഴും സർക്കാർ ജോലികളിൽ ഉണ്ടാകുന്ന ഒഴിവുകൾ കൃത്യമായി വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം ഇഴഞ്ഞുനീങ്ങുന്നതിനുള്ള പ്രധാന കാരണം. അതോടൊപ്പം സർക്കാരിന്റെ മോശം ധനസ്ഥിതി കാരണം അവശ്യം വേണ്ട പോസ്റ്റുകൾ പോലും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നില്ല. ലിസ്റ്റിന്റെ മിനിമം കാലാവധി കഴിഞ്ഞ് നീട്ടിയാൽപ്പോലും ലിസ്റ്റിലുള്ള ഭൂരിപക്ഷം പേരും തഴയപ്പെടുന്നതാണ് നിലവിലുള്ള അവസ്ഥ.

വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് തീരാൻ ഇനി ഒന്നര മാസം മാത്രമാണ് ശേഷിക്കുന്നത്. ലിസ്റ്റിൽ 967 പേരെയാണ് പി.എസ്.സി ഉൾപ്പെടുത്തിയത്. ഇതിൽ ഇതുവരെ 259 പേർക്കു മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിദ്ധ്യം 15 ശതമാനമാക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ ലഭിച്ചതിന്റെ ഇരട്ടിയിലേറെപ്പേർക്ക് നിയമനം ലഭിക്കുമായിരുന്നു. കഴിഞ്ഞ തവണത്തെ റാങ്ക് ലിസ്റ്റിൽനിന്ന് 815 പേർക്ക് നിയമനം ലഭിച്ചിരുന്നു. എന്നാൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം 30 ശതമാനം പോലും കടന്നിട്ടില്ല. 56,000 പേരുള്ള പൊലീസ് സേനയിൽ വനിതകൾ അയ്യായിരത്തോളം മാത്രമാണ് ഉള്ളത്! ഒരു സ്റ്റേഷനിൽ കുറഞ്ഞത് ആറ് വനിതാ സി.പി.ഒമാർ വേണമെന്നാണ് തീരുമാനമെങ്കിലും 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും ഇതിന്റെ പകുതി പോലുമില്ല.

പരിശീലനം കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും ക്യാമ്പ് ഡ്യൂട്ടിയിലാണ് 600-ലധികം വനിതാ സി.പി.ഒമാർ തുടരുന്നത്. ഇവരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറ്റിയാൽ ലിസ്റ്റിലുള്ള നല്ലൊരു ശതമാനം പേർക്കും ജോലി ലഭിക്കാൻ സാദ്ധ്യത തെളിയും. അടിയന്തരമായി അതിനുള്ള നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊള്ളേണ്ടത്. സേനയിലെ ഉയർന്ന പദവികളിലും വനിതകൾ കുറവാണ്. 92 ശതമാനം വനിതകളും എസ്.ഐ റാങ്കിനു താഴെയുള്ളവരാണ്. അയ്യായിരം വനിതകളുള്ളതിൽ 26 പേർ മാത്രമാണ് സി.ഐ പദവിയിലുള്ളത്. എസ്.ഐമാർ 131. ഇന്നത്തെ കാലത്ത് വനിതകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ ഒരു ജോലി അനിവാര്യമാണ്. ഒരു വനിതയ്ക്ക് ജോലി ലഭിക്കുമ്പോൾ ഒരു കുടുംബം കൂടിയാണ് രക്ഷപ്പെടുന്നത്. അതിനാൽ വനിതാ പൊലീസ് കോൺസ്റ്റബിൾ നിയമനം ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാൻ അമാന്തിക്കരുത്.