പാളയം ഇ.എം.എസ് പാ‌ർക്ക് ഇനി രാത്രിയിലും ഉഷാർ

Friday 07 March 2025 1:14 AM IST

തിരുവനന്തപുരം: പാളയം നിയമസഭയ്ക്ക് മുന്നിലെ ഇ.എം.എസ് പാർക്ക് ഇനിമുതൽ രാത്രിയും പകലുമില്ലാതെ സന്ദർശകരെ ആകർഷിക്കുന്ന ഇഷ്ടതാവളമാകും. നഗരസഭ നവീകരണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചുകഴിഞ്ഞു. റോഡിനോടു ചേർന്ന് അകത്തേക്കും പുറത്തേക്കുമായി രണ്ട് ഗേറ്രുകളുൾപ്പെടെ വിപുലമായ മാറ്റങ്ങളാണ് പാർക്കിൽ ക്രമീകരിക്കുന്നത്. ഒരു കോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമായി. പാർക്കിലേക്ക് കയറിയാൽ ഇ.എം.എസിനെക്കുറിച്ചറിയേണ്ട എല്ലാ വിവരങ്ങളും ലഭിക്കുന്ന വിധത്തിലാണ് പുത്തൻ പാർക്ക് സജ്ജീകരിക്കുക. ചുവരുകളിലും നട്ടുപിടിപ്പിക്കുന്ന മൈൽകുറ്റികളിലും ഇ.എം.എസിന്റെ ജീവിതത്തിലെ പ്രധാന ചരിത്രമുഹൂർത്തങ്ങൾ ആലേഖനം ചെയ്യപ്പെടും.തൊട്ട് താഴെയുള്ള സ്റ്റുഡന്റ്സ് പാർക്കിന്റെ നവീകരണ ജോലികളും ഇതോടൊപ്പം നടന്നുവരുന്നു. സ്റ്റുഡന്റ്സ് പാർക്ക് വഴി ഇ.എം.എസ് പാർക്കിലേക്ക് പുതിയൊരു പ്രവേശന കവാടവും ഒരുക്കും.

പുന:രുദ്ധാരണം

 രണ്ട് ഘട്ടങ്ങളിലായി

 ഒന്നാംഘട്ട എസ്റ്രിമേറ്റ്- 61 ലക്ഷം രൂപ

പ്രത്യേകതകൾ

 ഇ.എം.എസ്,സ്റ്റുഡന്റ്സ് പാർക്കുകൾ ഭിന്നശേഷി സൗഹൃദമാകും

 കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഇരിപ്പിട സംവിധാനങ്ങൾ

 നാച്ചുറൽ സ്റ്റോൺ നടപ്പാത

 ലൈറ്റ് സെറ്റിംഗ്സ്

 തണൽ മരങ്ങൾ വച്ചുപിടിപ്പിക്കും

പോരായ്മ

 പാർക്കിംഗ് ഏരിയ ഇല്ല