ഒരു കിലോയ്ക്ക് വില 25,000 രൂപ, കൊച്ചിയിലെത്തിയത് മലയാളികളെ ലക്ഷ്യമിട്ട്; ചായകുടിച്ചിരിക്കുമ്പോള്‍ പദ്ധതി പൊളിഞ്ഞു
കൊച്ചി: ആലുവയില്‍ ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നാലുകിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ പൊലീസിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി ആലുവ പമ്പ് കവലയിലെ ഹോട്ടലില്‍നിന്ന് ഒഡീഷ കണ്ടമാല്‍ സ്വദേശിനി മമത ദിഗിലിനെയാണ് (28) ആദ്യം നാല് കിലോ കഞ്ചാവുമായി പിടികൂടിയത്. ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ കൈയില്‍ ലഹരി മരുന്ന് ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
പുലര്‍ച്ചെ നടന്ന പരിശോധനയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29), കുല്‍ദര്‍ റാണ (55), ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ്‌കുമാര്‍ (32), രാംബാബു സൂന (32) എന്നിവര്‍ പിടിയിലായത്. ഒഡീഷയില്‍നിന്ന് ട്രെയിനില്‍ എത്തിച്ച് ഇവിടെ കിലോഗ്രാമിന് 25000 രൂപാ നിരക്കില്‍ വില്പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കച്ചവടത്തിനുശേഷം ഇവര്‍ ട്രെയിനില്‍ത്തന്നെ തിരിച്ചുപോകും.
പൊലീസ് സംശയിക്കാതിരിക്കാന്‍ കുടുംബമായാണ് ഇവരെത്തുന്നത്. ശിവ ഗൗഢയാണ് ഇവരുടെ തലവന്‍. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷംരൂപ വിലവരും. ഡാന്‍സാഫുമായി ചേര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ അഡീ. എസ്.പി എം. കൃഷ്ണന്‍, ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ്, സി.ഐമാരായ സോണി മത്തായി, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.