വെഞ്ഞാറമൂട് കൂട്ടക്കൊല: മകന്റെ ക്രൂരത ഉമ്മയെ അറിയിച്ചു പൊട്ടിക്കരഞ്ഞ് ഷെമി

Friday 07 March 2025 2:07 AM IST

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ മകൻ അഫാൻ അഞ്ചുപേരെ കൊലചെയ്‌തെന്ന വിവരം ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിയെ അറിയിച്ചു. സൈക്യാട്രി ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ പിതാവ് അബ്ദുൾ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിയെ അറിയിച്ചത്‌.

മൂത്ത മകന്റെ കൈയിൽ ഇളയ മകനും ഉറ്റവരായ മൂന്നുപേരും മകന്റെ സുഹൃത്തായ പെൺകുട്ടിയും കൊല്ലപ്പെട്ട വാർത്ത കേട്ട അഫാന്റെ മാതാവ് ആദ്യം സ്തബ്ദയായി.പിന്നെ പൊട്ടിക്കരഞ്ഞു. സംഭവം നടന്ന് 10 ദിവസം വരെയും ഇക്കാര്യങ്ങൾ ഷെമിയെ അറിയിച്ചിരുന്നില്ല. അഫാന്റെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.ഷെമിയുടെ ശാരീരിക മാനസിക ആരോഗ്യാവസ്ഥകൾ പരിഗണിച്ച് മറ്റുള്ളവർ ഇക്കാര്യങ്ങളെല്ലാം മറച്ചു വയ്ക്കുകയായിരുന്നു.

ബന്ധു കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ആദ്യം നിസംഗയായി കേട്ടിരിക്കുകയും പിന്നീട് പൊട്ടിക്കരയുകയുമായിരുന്നു. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ രണ്ട് ദിവസം കൂടി ഐ.സി.യുവിൽ തുടരും. പിന്നീട് വാർഡിലേക്ക് മാറ്രുമെന്ന് ഡോക്ടർമാർ അറിയിച്ചു.