കണിച്ചാറിൽ വീട് നിർമ്മാണത്തിന് മുൻതൂക്കം
കണിച്ചാർ: ഭവനരഹിതർക്ക് വീട് നിർമ്മിക്കാനും പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് പുനർനിർമ്മാണത്തിനും നിർമ്മാണത്തിനും പ്രാധാന്യം നൽകി കണിച്ചാർ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 22,42,09,811 രൂപ വരവും 22,41,54,100 രൂപ ചെലവും 10,86,298 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷാന്റി തോമസാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
ഭവന പദ്ധതികൾക്കായി 3.91കോടിയും ഗതാഗത മേഖലയ്ക്കായി 202.67ലക്ഷവും വകയിരുത്തി. കൂടാതെ കാർഷിക മേഖലക്ക് 15,19100 രൂപയും ഉല്പാദന മേഖലയ്ക്ക് 77, 84,100 രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 46,05,000 രൂപയും വകയിരുത്തി.
സ്ഥിരംസമിതി അദ്ധ്യക്ഷരായ തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ എടത്താഴെ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.വി.ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ആർ. ദീപുരാജ് തുടങ്ങിയവർ സംസാരിച്ചു.