ഭാര്യയുമായുള്ള വഴക്കിനിടയിൽ ഇടപെട്ടതിൽ പ്രതികാരം, അമ്മയെ ശൂലം കൊണ്ട് കുത്തിക്കൊന്ന് യുവാവ്
ലക്‌നൗ: ഭാര്യയുമായുള്ള തർക്കത്തിനിടെ ഇടപെട്ടതിന്റെ ദേഷ്യത്തിൽ യുവാവ് അമ്മയെ കൊലപ്പെടുത്തി. ശൂലം കൊണ്ട് തുടർച്ചയായി കുത്തിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗൺപത്‌പൂർ ഗ്രാമത്തിലെ നിഗോഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് നൈനാ ദേവി(60) കൊല്ലപ്പെട്ടത്. ഗൺപത്‌പൂർ സ്വദേശി വിനോദ് കുമാർ (25) ആണ് സ്വന്തം അമ്മയെ കൊന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ' മദ്യപിച്ച് ദിവസവും വീട്ടിലെത്തി ബഹളമുണ്ടാക്കുന്ന സ്വഭാവമുള്ളയാളാണ് വിനോദ് കുമാർ. വ്യാഴാഴ്‌ച വൈകുന്നേരവും വിനോദ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ തല്ലി. ബഹളത്തെ തുടർന്ന് നൈനാ ദേവി പ്രശ്‌നത്തിൽ ഇടപെട്ടു. തുടർന്ന് പ്രതി ഒരു ശൂലമെടുത്ത് അമ്മയെ കുത്തുകയായിരുന്നു.'
ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം ബിഹാറിലെ നളന്ദ ജില്ലയിൽ ബഹാദൂർപൂർ ഗ്രാമത്തിലമുണ്ടായി. റോഡരികിൽ കാലിൽ ഇരുമ്പാണി തറച്ച നിലയിൽ സ്‌ത്രീയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സ്ത്രീ നൈറ്റ് ഡ്രസ് ധരിച്ച നിലയിലായിരുന്നു. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. രണ്ട് കാലുകളിലും ആണി തറച്ചിരുന്നു. മൃതദേഹം ബിഹാർ ഷെരീഫ് സദർ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലയുടെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. വിനോദ് കുമാറിനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് അറസ്‌റ്റ് ചെയ്‌തു. വിനോദിനെതിരെ കൊലപാതകത്തിന് കേസെടുത്തു. നൈനാ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി അയച്ചു.