മണ്ഡല പുനർനിർണയം ; കേന്ദ്രത്തിനെതിരെ നിർണായക നീക്കവുമായി എം കെ സ്റ്റാലിൻ,​ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Friday 07 March 2025 7:07 PM IST

ചെന്നൈ : മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസ‌ക്കാരിനെതിരെ നിർണായക നീക്കവുമായി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിഷയം ചർച്ച ചെയ്യുന്നതിന് കേരളമടക്കം ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിമാർക്കും പാർട്ടിനേതാക്കൾക്കും കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം.

പാർലമെന്റ് സീറ്റുകളുടെ പുനർനിർണയം ഫെഡറലിസത്തിന് നേർക്കുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ജനസംഖ്യാ നിയന്ത്രണവും ഭരണമികവും പുലർത്തുന്ന സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ന്യായമായി ലഭ്യമാകേണ്ട ശബ്ദത്തെ ഇല്ലാതാക്കി കൊണ്ടുള്ള ശിക്ഷയാണിത്. ഈ ജനാധിപത്യ അനീതി നമ്മൾ അനുവദിച്ച് കൊടുക്കാൻ പോകുന്നില്ല എന്ന സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുന‌നിർണയത്തിനെതിരെ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനൊപ്പം ദേശീയാടിസ്ഥാനത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനാണ് സ്റ്റാലിന്റെ ശ്രമം.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ,​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,​ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി,​ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എസ്. ചന്ദ്രബാബു നായിഡു,​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി,​ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ,​ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി എന്നിവർക്കും ഈ സംസ്ഥാനങ്ങളിലെ വിവ്ധ പാർട്ടി നേതാക്കൾക്കും കത്തെഴുതിയതായി സ്റ്റാലിൻ വ്യക്തമാക്കി. സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനർനിർണയത്തിനെതിരെ സമ്മർദ്ദം ചെലുത്താനാണ് സ്റ്റാലിന്റെ നീക്കം.