ജയിലർ 2വിൽ രജനികാന്തിനൊപ്പം വീണ്ടും മോഹൻലാലും ശിവരാജ്കുമാറും,​ വില്ലനായി മറ്റൊരു മലയാളി താരം

Friday 07 March 2025 9:40 PM IST

രജനികാന്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയിലർ 2 അടുത്ത ആഴ്ച ചെന്നൈയിൽ ആരംഭിക്കും. 14 ദിവസം നീണ്ടുനിൽക്കുന്നതാണ് ആദ്യ ഷെഡ്യൂൾ. തുടർന്ന് കോഴിക്കോട്ടേക്ക് ഷിഫ്ട് ചെയ്യും.

തേനി, ഗോവ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ എത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹൻലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ശക്തമായ വില്ലൻ വേഷത്തിൽ ചെമ്പൻ വിനോദ് എത്തുന്നു. ഇതാദ്യമായാണ് രജനി ചിത്രത്തിൽ ചെമ്പൻ എത്തുന്നത്. ബോളിവുഡിൽ നിന്ന് ഒരു സർപ്രൈസ് താരം ജയിലർ 2ന്റെ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. കൂലിയുടെ ചിത്രീകരണം പൂർത്തിയായാൽ രജനികാന്ത് ജയിലർ 2ൽ ജോയിൻ ചെയ്യും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.

സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. 2023ൽ റിലീസ് ചെയ്ത ജയിലർ രജനികാന്ത് ആരാധകർ ആഘോഷമാക്കിയ ചിത്രമായിരുന്നു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം സംവിധായകൻ നെൽസന്റെ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു

ജയിലർ. ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെൽസൺ നേരത്തേ വ്യക്തമാക്കിയിരുന്നു. രജനികാന്തിനൊപ്പം നിറഞ്ഞ നിൽക്കുന്ന പ്രകടനമായിരുന്നു വർമ്മൻ എന്ന പ്രതിനായക കഥാപാത്രമായി വിനായകന്റേത്.തുടർച്ചയായി രണ്ടു രജനി ചിത്രങ്ങളുടെ നിർമ്മാണത്തിലാണ് സൺ പിക് ചേഴ്സ്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന കൂലി എന്ന ചിത്രത്തിന് സ്വർണക്കടത്താണ് പ്രമേയം.