പോക്സോ കേസുകളിൽ വൻ വർദ്ധന, രക്ഷയില്ല കുട്ടികൾക്കും

Saturday 08 March 2025 12:18 AM IST

കോഴിക്കോട് : കർശന നിയമങ്ങളും പരിരക്ഷയുമുണ്ടായിട്ടും ജില്ലയിൽ കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം ഏറുന്നു. സംസ്ഥാന ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം ജനുവരിയിൽ മാത്രം രജിസ്റ്റ‌ർ ചെയ്തത് 50 പോക്സോ കേസുകളാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ 4594 പോക്സോ കേസുകളിൽ 460 കേസുകൾ കോഴിക്കോട് ജില്ലയിലാണ്. അതായത് മൊത്തം കേസിന്റെ 10 ശതമാനം !. 2021 ൽ 287 കേസാണെങ്കിൽ 2024 ആകുമ്പോഴേക്കും 200 ഓളം കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022 ൽ 451, 2023 ൽ 421 കേസുകളും രജിസ്റ്റർ ചെയ്തു.

കുറ്റകൃത്യങ്ങൾ

ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല ചിത്രങ്ങളെടുക്കൽ, അശ്ലീല ചിത്രങ്ങൾ കാണിക്കൽ തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏഴു വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.

വേണം ശരിയായ ബോധവത്കരണം

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 2012 ലാണ് പാർലമെന്റ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ) നിയമം പാസാക്കിയത്. ആൺ- പെൺ ലിംഗ വ്യത്യാസങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് നിയമം നിർമിച്ചിട്ടുള്ളത്. ശക്തമായ നിയമസംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ആളുകളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ലെെംഗികമായി ഉപദ്രവിക്കുന്നത് തിരിച്ചറിയാൻ കുട്ടികൾക്കും സ്കൂൾ തലം മുതൽ ബോധവത്കരണം നൽകണം.

പോക്‌സോ കേസുകൾ

കോഴിക്കോട് സിറ്റി

വർഷം- കേസ്

2021 -109
2022 -201
2023 -182
2024 -183

കോഴിക്കോട് റൂറൽ

വർഷം- കേസ്

2021 -178
2022 - 250
2023 - 239
2024 - 277

"പോക്സോ കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് സ്കൂൾ തലത്തിൽ ബോധവത്കരണ പരിപാടികൾ ശക്തമാക്കണം. പരാതി നൽകുന്നതിൽ വിമുഖത കാണിക്കരുത്. എങ്കിൽ മാത്രമേ പോക്സോ കുറ്റകൃത്യങ്ങളെ പൂർണതോതിൽ തടുക്കാനാകൂ

- അരുൺ കെ. പവിത്രൻ ( ഡെപ്യൂട്ടി കമ്മിഷണർ , കോഴിക്കോട് )