പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വമ്പന്‍ മാറ്റത്തിന് തയ്യാറെടുക്കുന്നു

Friday 07 March 2025 10:28 PM IST

ന്യൂഡല്‍ഹി: ദുബായ്, സിംഗപ്പൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയിലേക്ക് മാറാനൊരുങ്ങി ഇന്ത്യയിലെ വിമാനത്താവളങ്ങള്‍. ഇതിന്റെ ഭാഗമായി ഇമിഗ്രേഷന്‍, കാര്‍ഗോ പരിശോധന നിയമങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാദ്ധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഒന്നിലധികം തവണ കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷാ പരിശോധന നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിക്കുന്നത്. ഒന്നിലധികം സുരക്ഷാ പരിശോധനകള്‍ നടത്തുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്താവളങ്ങളില്‍ നഷ്ടപ്പെടുകയും അതോടൊപ്പം ട്രാന്‍സിറ്റ് വിമാനത്തിന് കൂടുതല്‍ സമയം യാത്രക്കാരെ കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നുവെന്നതുമാണ് സ്ഥിതി. ഇതിന് മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുമ്പോള്‍ ആദ്യം പുറപ്പെടുന്ന സ്ഥലത്തും എത്തിച്ചേരുന്ന സ്ഥലത്തും മാത്രം സുരക്ഷാ പരിശോധന എന്ന രീതിയിലേക്ക് മാറ്റാനാണ് ചര്‍ച്ച നടക്കുന്നത്. അതോടൊപ്പം തന്നെ ക്ലിയറന്‍സിന് ദീര്‍ഘനേര സമയമെടുക്കുന്ന കാര്‍ഗോ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നത് ആലോചനയിലുണ്ട്. ഇന്ത്യയിലേക്ക് കൂടുതല്‍ കാര്‍ഗോ ഇടപാടുകളെ ആകര്‍ഷിക്കുന്ന തരത്തിലാകും മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുക.

ഇന്ത്യന് വിമാനത്താവളങ്ങളില്‍ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ കസ്റ്റംസ് പരിശോധനക്ക് കൂടി വിധേയമാക്കണമെന്നാണ് നിലവിലെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ചട്ടങ്ങള്‍ പറയുന്നത്. ഇത് കാര്‍ഗോ ലക്ഷ്യസ്ഥാനത്തിലെത്താനുള്ള സമയം വര്‍ധിപ്പിക്കുന്നുണ്ട്. ദുബായ് പോലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ രണ്ട് മണിക്കൂറിനുള്ളില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ ചട്ടങ്ങള്‍ ഉദാരമാക്കിയാല്‍ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും കൂടുതല്‍ കരുത്താകുമെന്നതാണ് കേരളത്തെ സംബന്ധിച്ച് നേട്ടം.