പൊട്ടിക്കരഞ്ഞ് രന്യ, സന്ദർശിച്ചത് 45 രാജ്യങ്ങൾ, ദുബായിൽ മാത്രം 27 തവണ
ബംഗളൂരു: 'അവർ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. 45 രാജ്യങ്ങളിൽ സഞ്ചരിച്ചു. ദുബായിൽ മാത്രം 27 തവണ. അവരൊരു വർക്കിംഗ് പ്രൊഫഷണലായിരുന്നില്ല. വിദേശയാത്ര നടത്തുന്നത് സിനിമക്ക് വേണ്ടിയായിരുന്നില്ല". - കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി
രന്യ റാവുവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ ) കോടതിയിൽ വാദിച്ചു. രന്യക്ക് എവിടെ നിന്നാണ് സ്വർണം ലഭിച്ചത്, പണം എങ്ങനെ നൽകി, സ്വർണം ഒളിപ്പിച്ചത് എങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. രന്യയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
രന്യയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും ഉൾപ്പെടെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് മാഫിയയുമായുള്ള രന്യയുടെ ബന്ധം, കർണാടകയിലും വിദേശത്തുമുള്ള കണ്ണികൾ, ചെന്നൈയിൽ 2024ൽ നടന്ന സ്വർണക്കടത്തുമായി കേസിന് ബന്ധമുണ്ടോ എന്നതെല്ലാം ഡി.ആർ.ഐ അന്വേഷിച്ചുവരുന്നു. രന്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചുവരുന്നു. അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്കും നീളുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽ വച്ച് തിങ്കളാഴ്ചയാണ് രന്യ പിടിയിലാകുന്നത്. ദുബായിൽ നിന്ന് 12.86 കോടി രൂപ വിലയുള്ള 14.2 കിലോ സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു.
കുടുക്കിയതാണ്:
പൊട്ടിക്കരഞ്ഞ്
രന്യ
'തന്നെ കെണിയിൽ വീഴ്ത്തിയതാണ്. സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമില്ല". ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് മുന്നിൽ രന്യ പൊട്ടിക്കരഞ്ഞു. കുറ്റസമ്മതം നടത്തിയ രന്യയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തന്നെ
കുടുക്കിയതാണെന്ന് വ്യക്തമാക്കിയ രന്യ തനിക്ക് വിശ്രമിമില്ലായിരുന്നെന്നും വെളിപ്പെടുത്തി. 17 സ്വർണ ബിസ്‌കറ്റുകളാണ് ഇത്തവണ കടത്തിയത്. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തിരുന്നു. ദുബായ്ക്കുപുറമേ യൂറോപ്യൻ രാജ്യങ്ങളിലേക്കും യു.എസിലേക്കും സൗദി അറേബ്യയിലേക്കും യാത്ര നടത്തിയിട്ടുണ്ട്.
വിശ്രമം ലഭിക്കാത്തതിനാൽ ക്ഷീണിതയാണെന്നും പറഞ്ഞു. തുടർച്ചയായി ദുബായ് സന്ദർശനം നടത്തിയതോടെയാണ് രന്യ അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയാകുന്നത്. ഒരു വർഷത്തിനിടെ 30 ഓളം തവണയും 15 ദിവസത്തിനിടെ നാലുതവണയും ദുബായ് സന്ദർശിച്ചു.
ഒരേ വസ്ത്രം ധരിച്ചാണ് രന്യ യാത്രകൾ ചെയ്തിരുന്നത്. ഇതും അവരെ കുടുക്കുന്നതിന് കാരണമായി. ഓരോ യാത്രയിലും കിലോ കണക്കിന് സ്വർണമാണ് ഇവർ കടത്തിയിരുന്നത്. ഇതിനായി പ്രോട്ടോക്കോൾ സംരക്ഷണം ദുരുപയോഗം ചെയ്തു. മുതിർന്ന ഐ.പി.ഐസ് ഓഫീസർ രാമചന്ദ്ര റാവു രന്യയുടെ രണ്ടാനച്ഛനാണ്. ഇത് മുതലെടുത്ത് പരിശോധനകളില്ലാതെയാണ് സ്വർണം കടത്തിയിരുന്നത്.
ഇനി പ്രോട്ടോക്കോൾ
സുരക്ഷയില്ല
ബംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാനടപടികൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ഒഴിവാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു.