ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ പുഷ്പ ആകാൻ കാട്ടാളൻ
മലയാളത്തിന്റെ പുഷ്പ ആകാൻ ഒരുങ്ങുകയാണ് ആന്റണി വർഗീസ് നായകനാകുന്ന കാട്ടാളൻ. കാടിന്റെ പശ്ചാത്തലത്തിൽ ചന്ദനക്കടത്തും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ വയലൻസ് ഗണത്തിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ക്യാൻവാസിൽ ആണ്. പെപ്പേയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. മലയാളത്തിലെ ഏറ്റവും വലിയ മാസീവ് വയലൻസ് ചിത്രമായ മാർക്കോയ്ക്കുശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്നു. മാർക്കോ പോലെ ആക്ഷന് വലിയ പ്രാധാന്യത്തിലാണ് കാട്ടാളൻ ഒരുക്കുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുന്നിൽ പെപ്പെ നിൽക്കുന്ന അനൗൺസ് മെന്റ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ വയലൻസ് സിനിമയുമായി വീണ്ടും ക്യൂബ്സ് എന്റർടെയ്ൻമെന്റ് എത്തുന്നു.
ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ ചിത്രമാണ് കാട്ടാളൻ. മൂന്നാമത്തെ ചിത്രവും ഈ വർഷം അവസാനം ഉണ്ടാകും. ബിഗ് ക്യാൻവാസിലാണ് അടുത്ത ചിത്രവും. മാർക്കോയുടെ സംവിധായകൻ ഹനീഷ് അദേനി ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.