മൂന്നു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ,​ മഹിള സമൃദ്ധി പദ്ധതിക്ക് അംഗീകാരം നൽകി ഡൽഹി മന്ത്രിസഭ

Saturday 08 March 2025 7:44 PM IST

ന്യൂഡൽഹി : വനിതകൾക്ക് മഹീളാ സമൃദ്ധി പദ്ധതി പ്രകാരം പ്രതിമാസം 2500 രൂപ നൽകുന്ന പദ്ധതിക്ക് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായി 5100 കോടി രൂപ വാർഷിക ബഡ്‌ജറ്റിൽ വകയിരുത്തി.

ഇന്ന് വനിതാദിനത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മഹിളാ സമൃദ്ധി പദ്ധതി പ്രകാരം വനിതകൾക്ക് 2500 രൂപ നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം നടപ്പാക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള,​ ഡൽഹിയിൽ താമസമാക്കിയ 18നും 60നുമിടയിൽ പ്രായമുള്ള വനിതകൾക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ മഹിള സമൃദ്ധി പദ്ധതിയുട ആനുകൂല്യത്തിന് അർഹരായവർക്ക് അപേക്ഷിക്കാൻ ഉടൻ തന്നെ വെബ്സൈറ്റും അവതരിപ്പിക്കും. അതേസമയം ഗവൺമെന്റ് ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. മന്ത്രിമാരായ ആശിഷ് സൂദ്,​ വീരേന്ദ്ര‍ സച്ച്‌ദേവ്,​ കപിൽ ശർമ്മ തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളാണ്.