ഡി.ഐ.ജി ഓഫീസിന് നേരേ കല്ലേറ്;  യുവാവ് അറസ്റ്റിൽ

Sunday 09 March 2025 3:13 AM IST

കൊച്ചി: മദ്യലഹരിയിൽ ഡി.ഐ.ജി ഓഫീസിനുനേരേ കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് നെല്ലിക്കാപ്പറമ്പ് മാട്ടുമുറിക്കൽ കയ്യൂനമ്മൽവീട്ടിൽ വിഷ്ണുവാണ് (32) കളമശേരി പൊലീസിന്റെ പിടിയിലായത്.

കളമശേരി സ്റ്റേഷന് സമീപം തന്നെയുള്ള എറണാകുളം റേഞ്ച് ഡി.ഐ.ജി ഓഫീസിന് നേരേ ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് കരിങ്കല്ല് എറിഞ്ഞത്. ഓഫീസിന് മുന്നിൽ പേരുവിവരങ്ങൾ പ്രദർശിപ്പിച്ചിരുന്ന ബോർഡിന്റെ ചില്ല് തകർന്നു. പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചോദ്യംചെയ്യലുമായി പ്രതി സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു, പത്തടിപ്പാലത്തെ ഒരു ഹോസ്റ്റലിൽ വാർഡനായി ജോലിചെയ്യുകയാണ് ഇയാൾ. നേരത്തെ മുക്കുപണ്ട പണയത്തട്ടിപ്പുകേസിൽ അറസ്റ്രിലായിട്ടുണ്ട്. എസ്.എച്ച്.ഒ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലാണ് അറസ്റ്ര്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.