മകൻ ജയിലിൽ കഴിയുന്നത് സഹിക്കാനാവില്ല അമ്മയെ വധിക്കാൻ ശ്രമിച്ച 25കാരന് ജാമ്യം
കൊച്ചി: പുതുവത്സരാഘോഷത്തിന് പണം നൽകിയില്ലെന്നാരോപിച്ച് അമ്മയെ വധിക്കാൻ ശ്രമിച്ച യുവാവിന്,അമ്മയുടെ അഭ്യർത്ഥനയിൽ ജാമ്യം നൽകി ഹൈക്കോടതി. ദൗർഭാഗ്യവതിയായ മാതാവിനെ വീണ്ടും ദുഃഖത്തിലാഴ്‌ത്തുന്നില്ലെന്ന് പരാമർശിച്ചാണ് തിരുവനന്തപുരം കാരക്കാമണ്ഡപം സ്വദേശിയായ 25കാരന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു റോസാപൂപോലെ എന്നും വിരിഞ്ഞു നിൽക്കുന്നതാണ് അമ്മയുടെ സ്നേഹമെന്ന് കോടതി പറഞ്ഞു.
അമ്മയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും കൈയിലുമായി 12 മുറിവുകളുണ്ടായി. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി ഒന്നു മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും കാണിച്ചാണ് യുവാവ് ജാമ്യാപേക്ഷ നൽകിയത്. ഇരയായ മാതാവിന്റെ അഭിപ്രായമറിഞ്ഞ് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി നിലപാട്. തുടർന്ന് പൊലീസ് റെക്കാഡ് ചെയ്ത് ഹാജരാക്കിയ മൊഴിയിൽ,മകന് ജാമ്യം നൽകണമെന്നാണ് അമ്മ അഭ്യർത്ഥിച്ചത്. ''മകൻ ജയിലിൽ കഴിയുന്നത് ഒരമ്മ എന്ന നിലയിൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല..."" അവർ പറഞ്ഞു.
രാജ്യത്തെ യുവതയുടെ മാനസിക നില അമ്പരപ്പിക്കുന്നതും അലോസരപ്പെടുത്തുന്നതുമാണ്. സമൂഹവും രക്ഷിതാക്കളും അവരെ കാര്യമായി നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. കുറ്റപത്രം സമർപ്പിക്കും വരെ പ്രതി എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. 50,000 രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആൾ ജാമ്യവും സമർപ്പിക്കണം. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അമ്മയ്‌ക്ക് പൊലീസിനെ അറിയിക്കാമെന്നും ജാമ്യം റദ്ദാക്കാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.