വീൽ ചെയർ നൽകിയില്ല, 82കാരി വീണുപരിക്കേറ്റ സംഭവം; വിശദീകരണവുമായി എയർഇന്ത്യ

Sunday 09 March 2025 12:13 AM IST

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വീഴ്ചയിൽ രാജ് പാസ്രിച്ച എന്ന 82കാരിക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി എയർഇന്ത്യ. എയർ ഇന്ത്യ അധികൃതർ വീൽചെയർ നൽകാത്തതിനെത്തുടർന്നാണ് തന്റെ മുത്തശ്ശി വീണതെന്ന് കൊച്ചുമകൾ ആരോപിച്ചിരുന്നു. എന്നാൽ യാത്രക്കാരി വിമാനത്താവളത്തിലെത്താൻ വൈകിയതാണ് കാരണമെന്നും അവർക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കിയെന്നും എയർ ഇന്ത്യ വിശദീകരിച്ചു. കൊച്ചു മകളുടെ സോഷ്യൽ മീഡിയ പോസ്റ്റ് വാർത്തയായതിനെ തുടർന്നാണ് വിശദീകരണം.

വിമാനം പുറപ്പെടുന്നതിന് 90മിനിട്ട് മുമ്പാണ് യാത്രക്കാരി വിമാനത്താവളത്തിലെ എയർഇന്ത്യ വീൽചെയർ ഡെസ്‌ക്കിലെത്തിയത്. തിരക്കായതിനാൽ പെട്ടെന്ന് വീൽചെയർ ലഭ്യമായില്ല. തുടർന്ന് യാത്രക്കാരി നടന്നു പോകാൻ സന്നദ്ധയായി. ഒരു മണിക്കൂറിലധികം വീൽചെയറിനായി കാത്തിരുന്നുവെന്ന വാദം തെറ്റാണ്. നടക്കുന്നതിനിടെ യാത്രക്കാരി വീണപ്പോൾ അടിയന്തര ശുശ്രൂഷ ലഭ്യമാക്കി. കൂടുതൽ വൈദ്യസഹായം നിരസിച്ച് യാത്രക്കാരി ബംഗളൂരുവിലേക്കുള്ള യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.

യാത്രക്കാരിയോട് ജീവനക്കാർ മാന്യമായി പെരുമാറി. അടിയന്തര ചെക്ക്- ഇൻ, മുൻഗണനാ സുരക്ഷാ പരിശോധന, ബോർഡിംഗ് സേവനങ്ങൾ ഉറപ്പാക്കി. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ സാദ്ധ്യമായ എല്ലാ പരിചരണവും നൽകി. ബംഗളൂരു വിമാനത്താവളത്തിൽ കൂടുതൽ വൈദ്യസഹായം ലഭ്യമാക്കി. ഡ്രോപ്പ്- ഓഫ് പോയിന്റ് വരെ ജീവനക്കാർ അനുഗമിച്ചു. ഒരു ഘട്ടത്തിലും തങ്ങളുടെ ജീവനക്കാർ യാത്രക്കാരിക്ക് വീൽചെയറോ മറ്റ് സഹായമോ നിഷേധിച്ചിട്ടില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

വീഴ്ചയിൽ മുത്തശ്ശിയുടെ തലയ്‌ക്കും ചുണ്ടിനും പരിക്കേറ്റെന്നും തലച്ചോറിൽ രക്തസ്രാവമുണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ ബംഗളൂരു ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണെന്നും ചെറുമകൾ പരുൾ കൻവർ എക്‌സിൽ വിശദീകരിച്ചിരുന്നു. എയർ ഇന്ത്യയ്ക്ക് 'മനുഷ്യജീവന് വിലയില്ല" എന്ന തലക്കെട്ടോടെ ഐ.സി.യുവിൽ കിടക്കുന്ന മുത്തശ്ശിയുടെ ഫോട്ടോയും പങ്കുവച്ചു.