പെൺകുട്ടികളുടെ നഗ്നത പകർത്താൻ ഫോൺ ചാർജർ, പിടിച്ചെടുത്തത് നിരവധി ദൃശ്യങ്ങൾ

Sunday 09 March 2025 8:16 AM IST

ഹൈദരാബാദ്: ഹോസ്റ്റലിലെ താമസക്കാരായ പെൺകുട്ടികളുടെ നഗ്‌നത രഹസ്യക്യാമറ ഉപയോഗിച്ച് പകർത്തിയ ഹോസ്റ്റൽ വാർഡനെ പൊലീസ് അറസ്റ്റുചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. മഹേശ്വർ എന്നയാളാണ് പിടിയിലായത്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഫോൺചാർജറിനുള്ളിലാണ് ആർക്കും സംശയം തോന്നാത്ത രീതിയിൽ രഹസ്യക്യാമറകൾ ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം സംശയം തോന്നിയ ചില താമസക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറകൾ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.പ്രാഥമിക പരിശോധനയിൽ ക്യാമറയ്ക്കുളളിൽ ദൃശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി. ചാർജർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കൂടുതൽ നടപടികൾ ഉണ്ടാവുക.

മഹേശ്വറിന്റെ അറിവോടെ മറ്റാരെങ്കിലുമാണോ ക്യാമറകൾ സ്ഥാപിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയോ മറ്റാർക്കെങ്കിലും വിറ്റോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്നും കണ്ടെത്തേണ്ടതുണ്ട്. 'ലഭിച്ച തെളിവുകൾ ഞങ്ങൾ പരിശോധിച്ചുവരികയാണ്. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. അതിനുശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക'- അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവം ഹോസ്റ്റലുകളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം സ്വകാര്യതാ ലംഘനങ്ങൾ തടയുന്നതിന് കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണ നടപടികളും വേണമെന്ന വർഷങ്ങളായുള്ള ആവശ്യം കൂടുതൽ സജീവമായിട്ടുണ്ട്.