മുൻ സുപ്രീംകോടതി ജഡ്‌ജി വി. രാമസ്വാമി അന്തരിച്ചു

Monday 10 March 2025 1:08 AM IST

ന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്‌ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യത്തെ ജുഡിഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിട്ടത് ജസ്റ്റിസ് വി. രാമസ്വാമിക്ക് എതിരെയായിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു,സാമ്പത്തിക ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങൾ രാമസ്വാമിക്കെതിരെ ഉയർന്നിരുന്നു. 1990ലായിരുന്നു ഇത്.

രാമസ്വാമിയെ ഇംപീച്ച് ചെയ്യാൻ ബി.ജെ.പിയും ഇടതു പാർട്ടികളും പ്രമേയം കൊണ്ടുവന്നു. 1993 മേയിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും കോൺഗ്രസ് എം.പിമാർ വിട്ടുനിന്നതോടെ ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു. തമിഴ്നാട് ശ്രീവില്ലിപൂത്തൂരിൽ 1929 ഫെബ്രുവരി 15നായിരുന്നു ജനനം. 1971 ജനുവരി 31ന് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി. 1989 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്‌ജിയായ രാമസ്വാമി,1994 ഫെബ്രുവരി 14ന് റിട്ടേയർഡായി. 1999 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.ഡി.എം.കെ സ്ഥാനാർത്ഥിയായി എം.ഡി.എം.കെ നേതാവ് വൈകോയ്‌ക്കെതിരെ ശിവകാശി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ:സരോജിനി രാമസ്വാമി,മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. ഇളയ മകൻ സഞ്ജയ് രാമസ്വാമി അഭിഭാഷകനും തമിഴ്‌നാട് മുൻ എം.എൽ.എയുമായിരുന്നു.