'സിൽക്ക് സ്‌‌മിത മരണശേഷവും അപമാനിതയായി, ആ വിഐപികൾക്ക് അവരെ തൊടാൻ ആഗ്രഹമുണ്ടായിരുന്നു'

Monday 10 March 2025 12:04 PM IST

തെന്നിന്ത്യൻ നടി സിൽക്ക് സ്‌മിതയ്ക്ക് മരണത്തിനുശേഷവും ഏറെ അപമാനങ്ങൾ നേരിടേണ്ടി വന്നുവെന്ന് തമിഴ് മാദ്ധ്യമപ്രവർത്തകൻ സബിത ജോസഫ്. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'സിൽക്ക് സ്‌മിത ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. സാരിയിലാണ് തൂങ്ങിമരിച്ചതെന്നാണ് അറിഞ്ഞത്. മരിച്ചതിനുശേഷവും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. തൂങ്ങിമരിക്കുന്നവരുടെ നാക്ക് പുറത്ത് വരും. എന്നാൽ സ്‌മിതയുടെ മരണം അങ്ങനെയായിരുന്നില്ല. പിന്നെ പണം ഉണ്ടെങ്കിൽ മരണം ആത്മഹത്യയാക്കാൻ സാധിക്കും.

മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയിൽ കിടത്തിയപ്പോൾ ശരീരത്തിൽ ഒരു വസ്ത്രം പോലുമില്ലായിരുന്നു. ഇത്രയും വലിയ നടിയല്ലേ, ഇങ്ങനെ അപമാനിക്കല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂവെന്ന് ഞാൻ പറഞ്ഞു. അവിടെയുണ്ടായിരുന്ന വിഐപികളിൽ ചിലർക്ക് അവരെ തൊടണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബ്ളാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ അവരെ തൊടാനുള്ള അവസരവും അവിടെ ഉണ്ടായി'- എന്നാണ് മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ.

ആന്ധ്രയിലെ ഡെണ്ട്‌ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്‌മി എന്ന സിൽക്ക് സ്‌മിതയുടെ ജനനം. സിനിമയിൽ ടച്ച് അപ്പ് ആർട്ടിസ്റ്റായാണ് സ്‌മിത തുടക്കം കുറിച്ചത്. പിന്നീട് കൊച്ച് കൊച്ച് വേഷങ്ങളിലൂടെ മുഖം കാണിക്കാൻ തുടങ്ങി. നടനും സംവിധായകനുമായ വിനു ചക്രവർത്തി എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള ഒരു ഫ്ളോർ മില്ലിൽ വച്ച് സിൽക്കിനെ കണ്ടതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. 1980ൽ ആണ് സ്‌മിതയ്ക്ക് സിനിമയിലെ ആദ്യ ബ്രേക്ക് ലഭിച്ചത്. വണ്ടിച്ചക്രം എന്ന സിനിമയിലെ 'സിൽക്ക്" എന്ന ബാർഗേളിന്റെ കഥാപാത്രം സ്‌മിതയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. പിന്നീട് തെന്നിന്ത്യയുടെ സൗന്ദര്യറാണിയായി മാറിയ സ്‌മിത 1996ൽ മുപ്പത്തിയാറാമത്തെ വയസിലാണ് ആത്മഹത്യ ചെയ്തത്. മരണത്തിന്റെ യഥാർത്ഥ കാരണം ഇന്നും ദുരൂഹമായി തുടരുന്നു.