വിവാദമായി കാശ്മീർ ഫാഷൻ ഷോ
ശ്രീനഗർ: റംസാൻ മാസത്തിൽ കാശ്മീരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെച്ചൊല്ലി വിവാദം. വിവിധ മത, രാഷ്ട്രീയ സംഘടനകളും സെലിബ്രിറ്റികളും എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയതോടെ വിവാദത്തിന് ചൂടുപിടിച്ചു.
ഗുൽമാർഗിൽ ഞായറാഴ്ചയായിരുന്നു ഷോ. ഫാഷൻ ഷോ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിവാദം കടുത്തതോടെ, അർദ്ധനഗ്ന ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ നിന്ന് സംഘാടകർ നീക്കി.
സർക്കാർ പരിപാടിയെന്ന് വിമർശനമുയർന്നതോടെ, വ്യക്തത വരുത്തി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. തീർത്തും സ്വകാര്യ പരിപാടിയെന്നും സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ഒമർ വിശദീകരിച്ചു. റംസാൻ മാസത്തിലെ അർദ്ധനഗ്ന പ്രദർശനത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിൽ ന്യായമുണ്ടെന്നും ഒമർ പറഞ്ഞു. അന്വേഷണം പ്രഖ്യാപിക്കുകയും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇന്നലെ നിയമസഭയിലും സംഭവം ചൂടേറിയ ചർച്ചയിക്കിടയാക്കി.
മോഡലുകൾ ബിക്കിനി ധരിച്ച് പരിപാടിയിൽ പങ്കെടുത്തത് സംസ്ഥാനത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തകർത്തെന്നാണ് മുസ്ളിം മതപണ്ഡിതരുടെ വിമർശനം. അതേസമയം, സംസ്കാരത്തിന്റെയും ഫാഷന്റെയും ഗംഭീര പ്രകടനമാണ് നടന്നെതെന്നും മതവത്കരിക്കുന്നത് സ്ഥാപിത താത്പര്യം വച്ചാണെന്നുമുള്ള മറുവാദവും ശക്തമാണ്.
മഞ്ഞിൽ ഔട്ട്ഡോർ ഷോ
ഗുൽമാർഗിലെസ്കീ റിസോർട്ടിലാണ് ഔട്ട്ഡോർ പരിപാടി നടന്നത്. ഡിസൈനിംഗ് സ്ഥാപമായ ശിവൻ ആൻഡ് നരേഷിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) പങ്കാളിയായി. പ്രശസ്ത ഫാഷൻ ഡിസൈനർ വരുൺ ബാൽ നേതൃത്വം നൽകി. ബോളിവുഡ് താരം ഹുമ ഖുറേഷിയുൾപ്പെടെ താരങ്ങൾ ഷോയിൽ പങ്കെടുത്തു. മഞ്ഞിലാണ് റാംപ് ഒരുക്കിയത്. മുപ്പതോളം സ്ത്രീ- പുരുഷ മോഡലുകൾ പങ്കെടുത്തു.