ഭർത്താവിന്റെ സാമീപ്യം ഏറെ ആഗ്രഹിക്കുന്ന നിമിഷം, അന്ന് വല്ലാത്ത വിഷമം തോന്നി; മനസുതുറന്ന് കലാഭവൻ മണിയുടെ ഭാര്യ
മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് അദ്ദേഹത്തിന്റെ ഭാര്യ നിമ്മി. നാടൻപാട്ട് കലാകാരിയും എഴുത്തുകാരിയുമായ പ്രിയയാണ് നിമ്മിക്കൊപ്പമുള്ള വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.
മണിക്കൊപ്പമുള്ള ജീവിതത്തിൽ ഏറെ സങ്കടം തോന്നിയ നിമിഷമാണ് നിമ്മി പങ്കുവച്ചത്. 'മകൾ ജനിക്കുന്ന സമയത്ത് എന്നെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ മണിച്ചേട്ടൻ എന്റെ അടുത്തുണ്ടായിരുന്നില്ല.
ആ സമയത്ത് ഭർത്താവിന്റെ സാമീപ്യം ഏതൊരു സ്ത്രീയും ആഗ്രഹിക്കും. അന്ന് ഒരു അവാർഡ് നിശ നടക്കുന്നുണ്ടായിരുന്നു. ഞാൻ പോയിക്കോട്ടെ, വയ്യായിക എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ പോകുന്നില്ലെന്ന് പരിപാടിക്ക് പോകുന്നതിന് മുമ്പ് പറഞ്ഞിരുന്നു. എനിക്ക് അപ്പോൾ ക്ഷീണവും തളർച്ചയൊന്നുമില്ലായിരുന്നു. മണിച്ചേട്ടൻ അന്ന് പരിപാടിയുടെ അവതാരകനായിരുന്നു. അത്രയും വലിയ പരിപാടി ഞാൻ കാരണം മുടക്കേണ്ടെന്ന് കരുതി പോയിക്കോളാൻ പറഞ്ഞു.
വൈകിട്ടാണ് എനിക്ക് വേദന തുടങ്ങിയത്. ആ സമയത്ത് മണിച്ചേട്ടനെ വിളിച്ചപ്പോൾ കിട്ടിയില്ല. ഡെലിവറിക്ക് കയറ്റിയപ്പോഴും എനിക്ക് വല്ലാത്ത വിഷമമായിരുന്നു. മോൾ ജനിച്ച വിവരം ആ സമയം മണിച്ചേട്ടൻ അറിഞ്ഞിട്ടില്ല. ലോഹിതദാസ് സാറാണ് അദ്ദേഹത്തോട് പറഞ്ഞത്.
എനിക്ക് ഓർമ പോയപ്പോഴും ഓർമ വന്നപ്പോഴും മോളേക്കാൾ കൂടുതൽ മണിച്ചേട്ടൻ വന്നോയെന്നാണ് ഞാൻ തിരക്കിയത്. മണിച്ചേട്ടൻ വന്നപ്പോൾ രണ്ട് മണിയായി. ഓടി വന്ന് എന്നേം മോളേം കണ്ടു. മണിച്ചേട്ടനും വല്ലാതെ ഫീൽ ചെയ്തു. കുറേ ദിവസം ഷൂട്ടിംഗും കാര്യങ്ങളും ക്യാൻസൽ ചെയ്ത് എന്റെയടുത്ത് ഇരുന്നിരുന്നു. എന്നിട്ടും ഇങ്ങനെയൊരു സാഹചര്യത്തിൽ ആൾക്ക് വരാൻ പറ്റാത്തതിൽ വല്ലാത്ത വിഷമമായി.'- നിമ്മി പറഞ്ഞു.