ജോർദാനിൽ വെടിയേറ്റു മരിച്ച തോമസിന്റെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: ''മീൻകൊട്ട ചുമന്നാണ് ഞാൻ അവനെ വളർത്തിയത്. വയ്യാത്ത കാലത്ത് അവൻ കുടുംബത്തിന് സഹായമായിരുന്നു,മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം...ജോർദ്ദാനിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ കല്ലറയ്ക്ക് മുന്നിൽ നിന്ന് ഏങ്ങലടിച്ച് കരയുകയാണ് മാതാവ് സെലിൻ.
ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കവേ ജോർദ്ദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തോമസിന്റെ മൃതദേഹം ഇന്നലെയാണ് നാട്ടിലെത്തിച്ച് തുമ്പ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചത്.തുമ്പ പള്ളിത്തുറ പുതുവൽ പുരയിടത്തിൽ ഗബ്രിയൽ പെരേരയുടെ മകൻ തോമസാണ് (47,അനി) ജോർദ്ദാൻ സൈന്യത്തിന്റെ വെടിയേറ്റ് ഫെബ്രുവരി 10ന് മരിച്ചത്.എന്നാൽ മരണവിവരം വീട്ടുകാർ അറിയുന്നത് ഇക്കഴിഞ്ഞ 28നാണ്.
തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ഇന്ത്യൻ എംബസിയും നോർക്കയും ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്നലെ പുലർച്ചെ 2.45ഓടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. 3.45ഓടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം നോർക്കയുടെ ആംബുലൻസിൽ 4.40 ഓടെ വീട്ടിലെത്തിച്ചു.തുടന്ന് നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനു പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.10മണിയോടെ ഇടവക വികാരി ഷാജി ജോസിന്റെ നേതൃത്വത്തിലാണ് സെമിത്തേരിയിൽ സംസ്‌കാരച്ചടങ്ങുകൾ നടന്നത്.മരണപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും പ്രവാസികൾക്കുമായി സെമിത്തേരിയിൽ ഒഴിച്ചിട്ട ആറ് കല്ലറകളിൽ ഒന്നിലാണ് തോമസിനെ സംസ്കരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു തോമസ്.മാതാവ്: സെലിൻ.ഭാര്യ: ക്രിസ്റ്റീന.തോമസ് മരണപ്പെട്ട വിവരം ചേട്ടൻ റൊണാൾഡ് ഇതുവരെ അറിഞ്ഞിട്ടില്ല.മീൻ പിടിക്കാനായി ഉൾക്കടലിലേക്ക് ഒരുമാസം മുൻപ് വലിയ ബോട്ടിൽ പോയതാണ്. മടങ്ങിയെത്തിയിട്ടില്ല.
മന്ത്രി ജി.ആർ.അനിൽ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‍ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.