സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന് പറയുന്നത് അത്ര അപമാനമാണോ, ഉമ്മാക്കി കാട്ടി വിരട്ടേണ്ടന്ന് വി.ടി.ബൽറാം

Saturday 31 August 2019 3:18 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുന്നുവെന്ന പരാമർശത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്‌ടത്തിന് കേസെടുത്ത നീക്കത്തിനെതിരെ വി.ടി.ബൽറാം എം.എൽ.എ രംഗത്തെത്തി. ബെഹ്റ എൻ.ഐ.എയിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഇസ്രത്ത് ജഹാൻ കൊലക്കേസിൽ നരേന്ദ്ര മോദിയെയും അമിത് ഷായേയും സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അതിന് പ്രത്യുപകാരമായി മോദിയുടെ ശുപാർശയിൽ ലഭിച്ചതാണ് ഇപ്പോഴത്തെ ഡി.ജി.പി സ്ഥാനമെന്നും നേരത്തെ മുല്ലപ്പള്ളി ആരോപിച്ചിരുന്നു. അതിനെതിരെ കേസിന് പോകാതിരുന്ന ബെഹ്‌റ ഇപ്പോൾ ഉമ്മാക്കി കാട്ടി വിരട്ടേണ്ട. മോദിയെയും ഷായേയെും കൊലക്കേസിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചുവെന്നത് അഭിമാനമായും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക എന്നത് കൊടിയ അപമാനമായും കാണാൻ ലോ‌ക്‌നാഥ് ബെഹ്റയ്‌ക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന് പറയുന്നത് അത്ര അപമാനമാണോയെന്നും ബൽറാം ചോദിച്ചു.

കാശ്‌മീർ സന്ദർശനത്തിന് ശേഷം അവിടുത്തെ ലഫ്‌റ്റനന്റ് ഗവർണറെ വിമർശിച്ചതിന്റെ പേരിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മാനനഷ്‌ടക്കേസിന് കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നൽകുകയാണെങ്കിൽ എന്തായിരിക്കും കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളുടെ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ കേരള മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിടുമോ അതോ പതിവുപോലെ കേന്ദ്രത്തിന് കത്തെഴുതുമോ എന്നും ബൽറാം ഫേസ്ബുക്ക് പോസ്‌റ്റിൽ ചോദിച്ചു.