സർക്കാരിന്റെ ഫണ്ട് കിട്ടുന്നില്ല... മാനസികാരോഗ്യ കേന്ദ്രത്തിൽ വെള്ളവും വെളിച്ചവും മുട്ടുമോ..?
തൃശൂർ: സർക്കാരിന്റെ ഫണ്ട് കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ മാനസികാരോഗ്യത്തിൽ വൈദ്യുതി, ഭക്ഷണം, വെള്ളം എന്നിവയുടെ കുടിശിക ലക്ഷങ്ങൾ. ഏഴ് ലക്ഷത്തിലേറെ വൈദ്യുതി കുടിശികയാണ് കോർപ്പറേഷന് നൽകാനുള്ളത്. സർക്കാർ സ്ഥാപനമായതിനാലും മാനസിക പ്രശ്‌നങ്ങളുള്ളവരുടെ കേന്ദ്രമായതിനാലും വൈദ്യുതി വിച്ഛേദിക്കുന്നതിലേക്ക് കോർപറേഷൻ വൈദ്യുതി വിഭാഗം കടന്നിട്ടില്ല. പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വൈദ്യുതിചാർജ് ഇനത്തിൽ വേണം. ഏട്ടു മാസത്തെ കുടിശികയാണ് നിലനിൽക്കുന്നത്. ഇതിന് പുറമേ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നൽകാനുള്ളത് 18 ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ഒക്‌ടോബർ മുതലുള്ള കുടിശികയാണ് ഭക്ഷണത്തിന്റെ വകയിൽ സർക്കാരിൽ നിന്ന് ലഭിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ശരാശരി 150നും 200നും ഇടയിൽ അന്തേവാസികളാണുള്ളത്. ഇതിന് പുറമേ, വാട്ടർ കണക്ഷൻ ചാർജ്, സർക്കാർ അനുവദിക്കുന്ന മരുന്നിന് പുറമേ വാങ്ങേണ്ടി വരുന്നവ എന്നിങ്ങനെയുള്ള ചെലവ് വേറെയും. ഇതും കുടിശികയാണ്. ഇത്തരത്തിൽ 10 ലക്ഷത്തോളം രൂപ പ്രതിമാസം മാനസികാരോഗ്യ കേന്ദ്രത്തിന്റെ നടത്തിപ്പിനാവശ്യമാണ്. ഒ.പിയിൽ ദിവസവും 200നും 300നും ഇടയിൽ ആളുകൾ എത്തും. തൃശൂരിന് പുറമേ എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നാണ് കൂടുതൽ പേരെത്തുന്നത്.
ഭക്ഷണ കുടിശിക 18 ലക്ഷം
അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ആറുമാസമായി ഫണ്ട് ലഭിച്ചിട്ടില്ല. ഈ ഇനത്തിൽ മാത്രം 18 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. പച്ചക്കറി, പലചരക്ക്, പാൽ എന്നിവ ഹോർട്ടി കോർപ്പ്, സപ്ലെെക്കോ, മിൽമ എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങുന്നത്. ഇവർക്ക് ലക്ഷങ്ങളുടെ ബാദ്ധ്യതയാണ്. പാൽ വാങ്ങുന്നതും കടമായി തന്നെയാണ്. പലചരക്ക് സാധനങ്ങൾ സപ്ലൈക്കോയാണ് നൽകുന്നത്. രാവിലെ പ്രഭാത ഭക്ഷണം, 10 കഴിഞ്ഞാൽ ചായ, കടി, ഉച്ചയ്ക്ക് ഊണ്, വൈകീട്ട് ചായ, കടി, രാത്രി കഞ്ഞിയോ ചപ്പാത്തിയോ എന്നിങ്ങനെയാണ് അന്തേവാസികൾക്ക് ഭക്ഷണം. കൂടാതെ ആഴ്ച്ചയിൽ ഒരിക്കൽ മട്ടൻകറിയും നൽകണം. അക്രമാസക്തരാകുന്ന നിരവധി രോഗികളാണ് ഇവിടെയുള്ളത്. കൃത്യമായ സമയത്ത് ഭക്ഷണം നൽകിയില്ലെങ്കിൽ ഇവരുടെ മാനസിക നില വഷളാകും.
വെള്ളം കുടിശിക അഞ്ചര ലക്ഷം
മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് വെള്ളം നൽകിയ വകയിൽ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത് അഞ്ചര ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ വർഷം ഒരു രൂപ പോലും ഈയിനത്തിൽ സർക്കാർ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഒട്ടനവധി പേർ കഴിയുന്ന മാനസികാരോഗ്യ കേന്ദ്രത്തിന്റെ കാര്യങ്ങൾക്ക് പോലും സർക്കാരിന്റെ ശ്രദ്ധയില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.