ചിക്കനോ ഓംലെറ്റോ ഇല്ല, ഈ റൂട്ടിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരതിൽ സസ്യാഹാരം മാത്രം; തീരുമാനത്തിന് പിന്നിൽ
ന്യൂഡൽഹി: ട്രെയിനിൽ ദീർഘയാത്ര നടത്തുന്നവർ മിക്കപ്പോഴും ആകുലപ്പെടുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. ട്രെയിനിൽ ലഭിക്കുന്ന എല്ലാ ഭക്ഷണവും വിശ്വാസത്തോടെ കഴിക്കാൻ സാധിക്കണമെന്നില്ല. സസ്യാഹാരവും മാംസാഹാരവും തയ്യാറാക്കുന്നതിലും പലർക്കും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഡൽഹിയിൽ നിന്ന് ജമ്മുകാശ്‌മീരിലെ കത്രയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസിൽ സസ്യാഹാരം മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ട്രെയിനിൽ സസ്യാഹാരം മാത്രം അനുവദിക്കുന്നത്.
മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ സന്ദർശനം നടത്തേണ്ടവർ യാത്ര ചെയ്യുന്ന ട്രെയിനാണിത്. പുതിയ നീക്കത്തിനോടൊപ്പം യാത്രക്കാർ ട്രെയിനിലേക്ക് മാംസാഹാരം കൊണ്ടു വരുന്നതും വിലക്കിയിട്ടുണ്ട്. ഈ ട്രെയിനിന് സാത്വിക് സർട്ടിഫിക്കേഷനും അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിടിസി) സാത്വിക് കൗൺസിൽ ഒഫ് ഇന്ത്യയും തമ്മിലുളള കരാറടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ട്രെയിനിന് പാചകം ചെയ്യുന്ന സ്ഥലത്തും മാംസം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഭക്തർക്ക് ശുദ്ധവും സാത്വികവുമായി ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇതനുസരിച്ച് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന കൂടുതൽ ട്രെയിനുകൾക്ക് സാത്വിക് സർട്ടിഫിക്കേഷനും നൽകുന്നുമെന്നും ഐആർസിടിസി അറിയിച്ചിട്ടുണ്ട്. 2021 മുതൽ ഐആർസിടിസിയുമായി സഹകരിച്ച് സാത്വിക് കൗൺസിൽ ഒഫ് ഇന്ത്യ ഈ സംരംഭം ആരംഭിച്ചത്.