'നടനുമായി ലിവിംഗ് ടുഗെദർ, ശ്രീദേവി മരിച്ചാൽ 200 കോടിയുടെ ഇൻഷുറൻസ് കിട്ടും; ഒടുവിൽ സംഭവിച്ചത്'

Wednesday 12 March 2025 2:52 PM IST

ഇന്ത്യൻ സിനിമയിൽ ആർക്കും പകരം വയ്ക്കാൻ കഴിയാതെ പോയ നടിയാണ് അന്തരിച്ച ശ്രീദേവി. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും സജീവമായിരുന്ന നടിയുടെ ജീവിതവും സിനിമയെ വെല്ലുന്ന തരത്തിലുളളതായിരുന്നു. പേരും പ്രശസ്തിയും ഒരുപാട് ലഭിച്ചിട്ടും ശ്രീദേവിയുടെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ നിലനിന്നിരുന്നു, ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

'ഇന്ത്യൻ സിനിമയുടെ ഡാർലിംഗ് എന്നാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. അഭിനയത്തിലായാലും സൗന്ദര്യത്തിലായാലും ഒന്നാം സ്ഥാനം നേടിയെടുത്ത നടി. ഇന്ത്യയിൽ ഒരു നടിക്കും ലഭിക്കാത്ത ഒന്നാം സ്ഥാനമായിരുന്നു സിനിമയിൽ അവർക്ക് ലഭിച്ചിരുന്നത്.തമിഴിൽ കമലഹാസന്റെയും രജനി കാന്തിന്റെയും നായികയായാണ് അരങ്ങേ​റ്റം കുറിച്ചത്. മലയാളത്തിൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് ശ്രീദേവി കൂടുതലും അഭിനയിച്ചിട്ടുളളത്. മലയാള സിനിമയെക്കുറിച്ച് അവരോട് ഒരു അവതാരകൻ ചോദിച്ചു.

മലയാള സിനിമയുടെ ലെജൻഡ് പ്രേംനസീറിനോടൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് മറക്കാൻ കഴിയാത്ത അനുഭവമെന്ന് ശ്രീദേവി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുളള ഓർമകൾ മഹാഭാഗ്യമായി കരുതുന്നുവെന്നാണ് അവർ പറഞ്ഞത്. സിനിമാ നടിമാരിൽ സൂപ്പർസ്​റ്റാർ എന്ന പദവി ആദ്യമായി നേടിയെടുത്തത് ശ്രീദേവിയായിരുന്നു. അവർ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം വൻ പരാജയമായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രം ഹി​റ്റായി. അങ്ങനെ ഹിന്ദിയിൽ ഏ​റ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിയായി ശ്രീദേവി മാറി.

ഒടുവിൽ ഹിന്ദി നടനായുളള മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി ലിവിംഗ് ടുഗെദറിലാണെന്ന വാർത്ത പ്രചരിച്ചു. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നിരുന്നില്ല. ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് കോടികൾ വിലമതിക്കുന്ന കാറിൽ യാത്ര ചെയ്യുമ്പോഴും ശ്രീദേവി ദുഃഖിതയായിരുന്നു. ഒരു കുടുംബജീവിതം ഏവരുടെ ഏ​റ്റവും വലിയ സ്വപ്നമായിരുന്നു. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും അവരെ ഒരുക്കി സ്‌കൂളിലേക്ക് പറഞ്ഞുവിടുന്നതുമൊക്കെ അവരുടെ ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹങ്ങളായിരുന്നു. ഇതിനിടയിലാണ് ശ്രീദേവി ഹിന്ദി നിർമാതാവായ ബോണി കപൂറുമായി അടുക്കുന്നത്. ആ സമയത്ത് ബോണി കപൂറിന് വേറെയും മക്കളുണ്ട്. അദ്ദേഹത്തിന്റെ മൂത്ത കുട്ടിക്ക് ശ്രീദേവിയെക്കാൾ പ്രായമുണ്ടെന്ന് പറയപ്പെടുന്നു.

അവർ വിവാഹം കഴിച്ചു. അതിനുശേഷം കുറച്ച് നാൾ ശ്രീദേവി അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. അവർ സ്വപ്നം കണ്ട കുടുംബജീവിതം നയിക്കുന്നതിനായിരുന്നു. രണ്ട് പെൺകുട്ടികളും ജനിച്ചു. നീണ്ട 15 വർഷങ്ങൾക്കു ശേഷമാണ് അവർ സിനിമയിൽ വീണ്ടും എത്തിയത്. 2018 ഫെബ്രുവരി 18ന് ദുബായിൽ ഒരു വിവാഹത്തിന് പങ്കെടുക്കാൻ ശ്രീദേവിയും ഭർത്താവും ഇളയമകളും എത്തി. വിവാഹം കഴിഞ്ഞ് ബോണി കപൂറും ഇളയമകളും തിരികെ പോയി. ശ്രീദേവി ദുബായിലെ ജുമൈറ എമിറേ​റ്റ്സ് ടവറിൽ 56 നിലയും 400 മുറികളും ഉളള ഹോട്ടലിലേക്ക് താമസം മാറി. അതിനുശേഷമുളള കാര്യങ്ങളെക്കുറിച്ച് പല രീതിയിലുമുളള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

24-ാം തീയതി ബോണി കപൂർ തിരികെ ദുബായിൽ എത്തിയിരുന്നു. അന്ന് രാത്രി തന്നെയാണ് ഹോട്ടൽ മുറിയിലെ ബാത്ത് ടെപ്പിൽ ശ്രീദേവി മരിച്ച് കിടന്നത്. അവരുടെ പേരിൽ 200 കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ട്. അത് തട്ടിയെടുക്കാൻ ഭർത്താവ് ഒരുക്കിയ കെണി എന്നാണ് പലരും പറഞ്ഞത്. ചിലർ പൊൻമുട്ടിയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോയെന്നും ചോദിച്ചു. അവർ ഒരു ഉദ്ഘാടനത്തിന് പോയാൽ കോടികളാണ് ലഭിക്കുന്നത്. ബോണി കപൂറിനെ ദുബായ് പൊലീസ് കസ്​റ്റഡിയിൽ എടുത്തു. നുണപരിശോധന ഉൾപ്പടെ നടത്തി. ഒടുവിൽ ഇതൊരു സ്വാഭാവിക മരണമാണെന്ന് ദുബായ് പൊലീസ് വിധിയെഴുതി. ശ്രീദേവിയുടെ ഡയ​റ്റിംഗ് കാരണമാണ് മരണം സംഭവിച്ചതെന്ന് ചിലർ പറയുന്നു'- അഷ്‌റഫ് പറഞ്ഞു.