കരയിൽ നിന്നുമാത്രമല്ല സമുദ്രത്തിനടിയിൽ നിന്നും ഇന്ത്യയ്‌ക്ക് നേരെ ഇനി ആക്രമണമുണ്ടാകില്ല, വജ്രായുധം ഒറ്റ വർഷത്തിനകം തയ്യാറാകും
ന്യൂഡൽഹി: കര,വ്യോമ,സമുദ്ര മേഖലകളിൽ നിന്നും രാജ്യത്തിന് നേരെയുണ്ടാകുന്ന വെല്ലുവിളികളെ ഇന്ത്യ ഗൗരവമായാണ് കാണുന്നത്. പ്രതിരോധ മേഖലയ്‌ക്ക് ഈ ബഡ്‌ജറ്റിൽ 6.81 ട്രില്യൺ ഡോളറാണ് ഇന്ത്യ നീക്കി വച്ചിരിക്കുന്നത്. മുൻ വർഷത്തെക്കാൾ 9.53 ശതമാനം കൂടുതലായിരുന്നു ഇത്തവണ. അതേസമയം, ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈനയും പ്രതിരോധ മേഖലയിൽ 7.2 ശതമാനം വർദ്ധന ഇത്തവണ വരുത്തിയിട്ടുണ്ട്. 246 ബില്യൺ ഡോളറാണ് ചൈനയുടെ പ്രതിരോധ ബഡ്‌ജറ്റ്.
സൈനിക ബലത്തിൽ ഇന്ത്യയെക്കാൾ അൽപം മുന്നിലുള്ള ചൈനയുടെയും ഏറെ പിന്നിലായ പാകിസ്ഥാന്റെയും നിരന്തര ഭീഷണി ഇന്ത്യക്കുണ്ട്. ഇത് പരിഹരിക്കാൻ അതത് മേഖലയിൽ ബലം വർദ്ധിപ്പിക്കുകയാണ് ഇന്ത്യൻ സൈന്യം. 2020 ഫെബ്രുവരിയിൽ 15,157 കോടി രൂപയുടെ ഒരു ഡീൽ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്‌ഹീഡ് മാർട്ടിനുമായി ഇന്ത്യയുണ്ടാക്കിയിരുന്നു. എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്‌റ്ററുകൾ ഇന്ത്യയ്‌ക്ക് നൽകുന്ന കരാറായിരുന്നു ഇത്. 24 എണ്ണമാണ് ഇന്ത്യയ്‌ക്ക് ലോക്‌ഹീഡ് നൽകുക.
നിലവിൽ 10 എംഎച്ച്-60 ആർ സീഹോക്ക് ഹെലികോപ്‌റ്ററുകൾ നാവികസേനയ്‌ക്ക് സ്വന്തമാണ്. ഈ വർഷം അവസാനത്തോടെ അവശേഷിക്കുന്ന 14 എണ്ണം നിർമ്മിച്ച് കൈമാറും എന്നാണ് കരാർ. അടുത്തവർഷത്തോടെ കരാറിൽ പറയുന്ന മുഴുവൻ ഹെലികോപ്‌റ്ററുകളും ഇന്ത്യയിലെത്തും എന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ നാവികസേനയ്‌ക്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അന്തർവാഹിനികളിൽ നിന്നുള്ള ഭീഷണി നേരിടാൻ ആന്റി സബ്‌മറൈൻ വാർഫെയറിലും, കരയിൽ നിന്നുള്ള ഭീഷണി നേരിടാൻ ആന്റി സർഫസ് വാർഫെയറിലും, അവശ്യഘട്ടങ്ങളിൽ തിരച്ചിൽ ദൗത്യങ്ങൾക്ക് സെർച്ച് ആന്റ് റെസ്‌ക്യു മിഷനായും ഇവയെ ഉപയോഗിക്കാനാകും. ഫോറിൻ മിലിട്ടറി സെയിൽസ് എഗ്രിമെന്റ് പ്രകാരമാണ് ഇന്ത്യയും അമേരിക്കയും ഈ ഹെലികോപ്‌റ്റർ വാങ്ങുന്നതിന് തീരുമാനമായത്.