കഞ്ചാവ് ലഹരിയില്‍ 15കാരന്റെ പരാക്രമം; വെട്ടുകത്തിയുമായി അങ്ങാടിയിലിറങ്ങി, പിടികൂടി നാട്ടുകാര്‍

Wednesday 12 March 2025 7:07 PM IST

മലപ്പുറം: കഞ്ചാവ് ലഹരിയില്‍ അങ്ങാടിയിലിറങ്ങി പതിനഞ്ചുകാരന്റെ പരാക്രമം. വെട്ടുകത്തിയുമായിട്ടാണ് കുട്ടി തെരുവിലിറങ്ങി പരാക്രമം കാണിച്ചത്. മലപ്പുറം ചേകന്നൂര്‍ അങ്ങാടിയിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ ലഹരിയില്‍ തെരുവിലിറങ്ങുകയും സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്ന് വെട്ടുകത്തി കൈക്കലാക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ പിടികൂടി പൊന്നാനി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്‌ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാന്‍ എത്തിയ യുവാക്കള്‍ തമ്മില്‍ ചേകന്നൂര്‍ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരന്റെ പരാക്രമം. അടുത്തകാലത്തായി കേരളത്തില്‍ സ്‌കൂള്‍ കു്ട്ടികള്‍ അസാധാരണമായി പെരുമാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.

കുട്ടികള്‍ തമ്മിലുള്ള ചെറിയ വഴക്കുകള്‍ പോലും മാരകായുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ലഹരിയുടെ ഉപയോഗം തന്നെയാണ് ചേകന്നൂര്‍ അങ്ങാടിയിലേയും പ്രധാന വില്ലന്‍. സംസ്ഥാനത്ത് ഇത്തരത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗവും തുടര്‍ന്നുള്ള ഭീതിപരത്തുന്ന പെരുമാറ്റവും ചെറുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍.

വിഷയം കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ വലിയ വിപത്തായി മാറിയെന്നും അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ലഹരി ഉപയോഗം സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.