മോദിക്ക് മൗറീഷ്യസ് പരമോന്നത ബഹുമതി

Thursday 13 March 2025 4:19 AM IST

ന്യൂഡൽഹി: മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (ജി.സി.എസ്.കെ) പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഒരു ഇന്ത്യൻ നേതാവിന് ഈ ബഹുമതി ലഭിക്കുന്നത് ആദ്യമായാണ്.

മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പ്രസിഡന്റ് ധരംബീർ ഗോഖൂൽ അവാർഡ് സമ്മാനിച്ചത്.

ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും മൗറീഷ്യസിലെ 13 ദശലക്ഷം പൗരൻമാർക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢ സൗഹൃദത്തിനുമായി അവാർഡ് സമർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ പ്രതിരോധ സംഘവും പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക സേനാ കപ്പൽ മൗറീഷ്യസ് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര, സാമ്പത്തിക, സമുദ്ര, സാങ്കേതിക മേഖലകളിലെ സഹകരണത്തിനുള്ള കരാറും ഒപ്പിട്ടു.