'കിയാരയെ പ്രശസ്‌തയാക്കിയ ആ സീനാണ് ഞങ്ങളെ ഒന്നിപ്പിച്ചത്', ലസ്റ്റ് സ്റ്റോറി സെറ്റിൽ നടിയെ കണ്ടത് ഓർത്ത് സിദ്ധാർത്ഥ് മൽഹോത്ര

Wednesday 12 March 2025 7:52 PM IST

ബോളിവുഡിലെ യുവ സ്റ്റാർ ദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇരുവരും പ്രണയബന്ധത്തിലായ ശേഷം 2023 ഫെബ്രുവരി ഏഴിനാണ് വിവാഹിതരായത്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവർ ഇപ്പോൾ. കിയാര അദ്വാനിയെ ഏറെ പ്രശസ്‌തയാക്കിയ ലസ്‌റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലെ വൈകാരിക സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് സിദ്ധാർത്ഥ് സെറ്റിലുണ്ടായിരുന്നു. കരൺ ജോഹർ ആയിരുന്നു അന്ന് സംവിധായകൻ. അദ്ദേഹത്തെ കാണാൻ വന്ന സമയമാണ് ഈ രംഗം ഷൂട്ട് ചെയ്‌തിരുന്നത്. ഇതിനെക്കുറിച്ചും തന്റെ ഭാര്യയായ ശേഷമുള്ള കിയാരയെക്കുറിച്ചും സിദ്ധാർത്ഥ് ഒരു യൂട്യൂബ് അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

'ലസ്‌റ്റ് സ്‌റ്റോറീസ് ആണ് അവളെ (കിയാരയെ) ഞാൻ കണ്ടുമുട്ടാൻ കാരണം. ആ സിനിമ നിർമ്മിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ആ സിനിമയുടെ സെറ്റിൽ ഞാൻ കരൺ ജോഹറിനെ കാണാൻ പോയി. ഞങ്ങൾ (ഞാനും കിയാരയും) കണ്ടുമുട്ടി. സീൻ കഴിഞ്ഞ് അവളോട് സംസാരിച്ചു. പിന്നീട് അവളെന്റെ ജീവനായി മാറി.' സിദ്ധാർത്ഥ് പറയുന്നു.

'വിവാഹവും ഈ ജീവിതവും എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു. കിയാര എന്നെ വലിയ തോതിൽ സ്വാധീനിച്ചു. കുടുംബജീവിതത്തിന് വളരെ പ്രാധാന്യം നൽകുന്നവളാണ് കിയാര. അവളുടെ ജീവിതമൂല്യങ്ങളും ധാർമ്മികതയും അവളെ കൂടുതൽ ബഹുമാനിക്കാൻ പ്രേരിപ്പിച്ചു.' സിദ്ദാർത്ഥ് പറയുന്നു. 33കാരിയായ കിയാര 2014ൽ ഫുഗ്ളി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി (2016), ലസ്‌റ്റ് സ്റ്റോറീസ് (2018), 2019ൽ പുറത്തിറങ്ങിയ കബീർ സിംഗ് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഈ വർഷം രാം ചരണിനെ നായകനാക്കി ഷങ്കർ ഒരുക്കിയ ഗെയിം ചെയ്‌ഞ്ചറിലും കിയാര അഭിനയിച്ചിരുന്നു.