'കുരിശാ"കുന്ന കൈയേറ്റങ്ങൾ

Thursday 13 March 2025 3:14 AM IST

ക്രിസ്തുമത വിശ്വാസികൾ പരിപാവനമായി കാണുന്ന കുരിശ് ഭൂമി കൈയേറ്റത്തിന് മറയാക്കാനുള്ള പാസ്റ്റർ കൂടിയായ കൈയേറ്റക്കാരന്റെ കുടില ബുദ്ധിയാണ് കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ പൊളിച്ചടുക്കിയത്. ജില്ലാ കളക്ടറുടെ നിരോധനാജ്ഞയും സ്റ്റോപ്പ് മെമ്മോയും മറികടക്കാനാണ് മത- സാമുദായിക സംഘടനകളുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയോടെ തന്റെ കൈയേറ്റ ഭൂമിയിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് കുരിശ് സ്ഥാപിച്ചത്. രണ്ടാം ശനിയും ഞായറും അവധിയായതിനാൽ നടപടിയെടുക്കാൻ വൈകുമെന്നത് മുന്നിൽക്കണ്ടാണ് ഇയാൾ വെള്ളിയാഴ്ച ദിവസം മറ്രൊരു സ്ഥലത്ത് നിന്ന് കൊണ്ടുവന്ന കുരിശ് ഇവിടെ സ്ഥാപിച്ചത്. ഇതിന് പിന്നിൽ പരുന്തുംപാറയിലെ തന്നെ ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നെന്ന ആക്ഷേപം ശക്തമാണ്. സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലങ്ങളിൽ അനധികൃത നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ടായിരുന്നു. ഇത് മറികടന്ന് ഇത്രയും വലിയ കുരിശ് കൈയേറ്റ ഭൂമിയിലെത്തിച്ച് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവം വാർത്തയായതോടെ റവന്യൂ ഉദ്യോഗസ്ഥർ നടപടിയുമായി രംഗത്തെത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പീരുമേട് എൽ.എ തഹസിൽദാർ സുനിൽകുമാറിന്റെയും പീരുമേട് എസ്.എച്ച്.ഒ ഗോപി ചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂർ സമയം എടുത്ത് ഹാമർ ബ്രേക്കർ ഉപയോഗിച്ചാണ് കോൺക്രീറ്റ് കുരിശ് പൊളിച്ച് മാറ്റിയത്. റിസോർട്ട് ഒറ്റപ്പെട്ട സ്ഥലത്തായതുകൊണ്ട് എതിർപ്പോ തടസമോ ഇല്ലാതെ അധികൃതർക്ക് കുരിശ് പൊളിച്ച് മാറ്റാൻ കഴിഞ്ഞു. സംഭവത്തിൽ സജിത്ത് ജോസഫിനെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

നിരോധനാജ്ഞയും

സ്റ്റോപ്പ് മെമ്മോയുമുണ്ട്

പരുന്തുംപാറയിൽ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോർട്ട് നിർമ്മിച്ചതായി കൈയേറ്റങ്ങൾ അന്വേഷിച്ച ഐ.ജി സേതുരാമൻ, ഇടുക്കി മുൻ കളക്ടർ എച്ച്. ദിനേശൻ, ഡിവൈ.എസ്.പി പയസ് ജോർജ് എന്നിവർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഫെബ്രുവരി 27ന് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റമൊഴുപ്പിക്കുന്നതിന് മുന്നോടിയായി പീരുമേട് താലൂക്കിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആറ് മുതൽ രണ്ട് മാസത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം, സംഘർഷ സാദ്ധ്യത എന്നിവ കണക്കിലെടുത്താണ് പീരുമേട് വില്ലേജിലെ സർവേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724, 813, 896 എന്നിവിടങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാം വകുപ്പ് പ്രകാരം മേയ് രണ്ടിന് അർദ്ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്. പീരുമേട് തഹസിൽദാർ സീമ ജോസഫിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കൈയേറ്റക്കാർക്കെല്ലാം സ്റ്റോപ്പ് മെമ്മോ നൽകി വരികയായിരുന്നു റവന്യൂ വകുപ്പ്. കൈയേറ്റഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് മതപരമായ സഹായം കിട്ടുമെന്ന് കരുതി പൊടുന്നനെ കുരിശ് സ്ഥാപിച്ചത്.

അന്ന് കുരിശ്

പാപ്പാത്തിചോലയിൽ

2016ൽ ചിന്നക്കനാലിനടുത്ത് പാപ്പാത്തിചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കുരിശ് സ്ഥാപിച്ച് കൈയേറിയ 300 ഏക്കറിലധികം വരുന്ന റവന്യൂ ഭൂമി അന്ന് ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന വലിയ കുരിശ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത് അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കുരിശ് പൊളിച്ചു നീക്കിയതിനെതിരെ അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും മത മേലദ്ധ്യക്ഷന്മാരും വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. ഇതോടെ ചിന്നക്കനാൽ മേഖലയിലെ കൈയേറ്റമൊഴിപ്പിക്കലും താത്കാലികമായി നിന്നു.

കർശന

നടപടിയെന്ന് കളക്ടർ

പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നാണ് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ എഫ്.ഐ.ആർ ഇടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചാൽ ആറ് മാസം വരെ തടവോ, 2500 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ ജീവനും, സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങൾ, സംഘർഷം എന്നിവയുണ്ടായാൽ ഒരു വർഷം വരെ തടവും 5000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് പ്രകടമാകും നടപടി. അനധികൃത കൈയേറ്റങ്ങൾക്കെതിരെ കേരള ലാൻഡ് കൺസർവൻസി ചട്ടങ്ങൾ പ്രകാരവും നടപടി ഉണ്ടാകും.


ഒരു നിർമ്മാണവും

വേണ്ടെന്ന് ഹൈക്കോടതി
ഇതിനിടെ ഇടുക്കി ജില്ലയിലെ പരുന്തുംപാറയിൽ യാതൊരുവിധ നിർമ്മാണപ്രവൃത്തികളും അനുവദിക്കരുതെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. വ്യാപകമായി സർക്കാർ ഭൂമി കൈയേറിയെന്ന് ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. പരുന്തുംപാറയിലെ കൈയേറ്റക്കാരുടെ പട്ടിക ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. കേസിൽ പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ കക്ഷിചേർക്കുകയും ചെയ്തു. മഞ്ജുമല, പീരുമേട് വില്ലേജുകളുടെ പരിധിയിലെ സർക്കാർ ഭൂമിയിൽ കൈയേറ്റം നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. വലിയകെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ എൻ.ഒ.സിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാതെ ഒരു നിർമ്മാണ പ്രവൃത്തിയും അനുവദിക്കരുതെന്നും റവന്യൂവകുപ്പും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. നിർമ്മാണങ്ങൾക്ക് എൻ.ഒ.സി നൽകിയിട്ടുണ്ടെങ്കിൽപ്പോലും, അത് കൈയേറ്റ ഭൂമിയാണെങ്കിൽ കോടതി ഉത്തരവ് ബാധകമായിരിക്കും. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ കടത്തിവിടരുത്. ഇക്കാര്യം ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്നവും പരിഗണിക്കാൻ പ്രത്യേകബെഞ്ചിന് ചീഫ് ജസ്റ്റിസ് അനുമതി നൽകി. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലേക്കാൾ വലിയ കൈയേറ്റമാണ് പരുന്തുംപാറ മേഖലയിൽ നടക്കുന്നതെന്ന് പ്രത്യേകസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.