പാകിസ്ഥാൻ, വിതച്ചത് കൊയ്യുന്നു
ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല രസമാണെന്ന് പഴയ ആളുകൾ പറയാറുണ്ട്. അത് സ്വന്തം അമ്മയ്ക്കു വരുമ്പോഴെ അതിന്റെ വേദന അറിയൂ എന്നതാണ് ഈ പഴഞ്ചൊല്ല് നൽകുന്ന സന്ദേശം. ഇന്ത്യയിൽ ഭീകരവാദം നടത്താനും സ്ഫോടനങ്ങൾ സംഘടിപ്പിക്കാനും നിരപരാധികളായ വഴിയാത്രക്കാരെ തലങ്ങും വിലങ്ങും വെടിവച്ചുകൊല്ലാനും നേതൃത്വം നൽകിയിരുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ തലവന്മാർക്ക് അഭയം നൽകുകയും ഭീകരന്മാർക്ക് പരിശീലനം നൽകാൻ സൗകര്യം നൽകുകയും ചെയ്തുവരുന്ന രാജ്യമാണ് പാകിസ്ഥാൻ. കാശ്‌മീരിൽ അവർ വീഴ്‌ത്തിയ നിരപരാധികളുടെ രക്തത്തിന് കണക്കില്ല. പുൽവാമ ആക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണം ഒരിക്കലും ഇന്ത്യയുടെ ഭാഗത്തുനിന്ന് പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നതല്ല. എല്ലാവിധ സൗകര്യവും സഹായവും നൽകിയിട്ട്, ഭീകരർ ആക്രമിച്ചതിന് ഞങ്ങളെന്തു വേണം എന്ന നിലപാടാണ് പാകിസ്ഥാൻ ഭരണകൂടം സ്വീകരിച്ചുപോന്നിട്ടുള്ളത്.
മുംബയിൽ ഇരുനൂറോളം പേരെ വെടിവച്ചുകൊന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാനിലിരുന്നു കണ്ട് 'ആരാന്റെ അമ്മയുടെ ഭ്രാന്ത്" ആസ്വദിച്ചവരാണവർ. ഇന്ത്യയിൽ ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്ന് മോദി സർക്കാർ പ്രവൃത്തിയിലൂടെ പാകിസ്ഥാന് മറുപടി നൽകിയതിനു ശേഷം തീവ്രവാദി ആക്രമണങ്ങൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. ജമ്മുവിലെ ചില അതിർത്തി ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രശ്നങ്ങൾ നടക്കുന്നത്. അമേരിക്കയിൽ ഇരട്ട മന്ദിരം വിമാനമിടിച്ച് തകർത്ത് മൂവായിരത്തോളം പേർ മരിക്കാനിടയായ സംഭവത്തിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ബിൻ ലാദനെയും ഒളിപ്പിച്ചുവച്ച രാജ്യമാണ് പാകിസ്ഥാൻ. അന്യനാടുകളിൽ ചൊരിയുന്ന രക്തപ്പുഴ കാലം കഴിയുമ്പോൾ ഒഴുകി തന്റെ നാട്ടിലെത്തുമെന്ന് പാകിസ്ഥാൻ അന്നൊന്നും ഓർത്തുകാണില്ല! ഇന്നല്ലെങ്കിൽ നാളെ, വിതയ്ക്കുന്നത് കൊയ്‌തേ പറ്റൂ. അതാണ് ഇപ്പോൾ പാകിസ്ഥാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, എവിടെയായാലും, എന്തിന്റെ പേരിലായാലും നിരപരാധികളായ യാത്രക്കാരെ ബന്ദികളാക്കുന്നതും വധിക്കുന്നതും അവരെവച്ച് വിലപേശുന്നതും തികച്ചും നിന്ദ്യമായ നടപടിയാണ്.
ബലൂചിസ്ഥാൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ട്രെയിൻ ആക്രമിച്ച് 214 യാത്രക്കാരെ ബന്ദികളാക്കുകയും 30 സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. പാക് സൈന്യവുമായുള്ള പോരാട്ടത്തിൽ പതിനഞ്ചോളം ബി.എൽ.എ അംഗങ്ങളും കൊല്ലപ്പെട്ടു. നാനൂറോളം യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് പെഷവാറിലേക്കുള്ള ട്രെയിനാണ് റാഞ്ചിയത്. പാക് സേന വ്യോമാക്രമണം നടത്തുകയും നൂറോളം യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിൻ, തുരങ്കത്തിലൂടെ കടന്നുപോകുമ്പോഴാണ് ബോംബ് വച്ച് ട്രാക്ക് തകർത്തിട്ട് ട്രെയിൻ റാഞ്ചിയത്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. പാക് സർക്കാർ ചൈനയുടെ സഹായത്തോടെ ഗ്വാദറിൽ വൻ തുറമുഖം നിർമ്മിച്ചതും ബെൽറ്റ് റോഡ് പദ്ധതിയിൽ പാകിസ്ഥാൻ ഭാഗമായതുമാണ് ബി.എൽ.എ അംഗങ്ങളുടെ ആക്രമണം രൂക്ഷമാകാൻ കാരണം.
ധാതുസമ്പത്തിനാൽ സമ്പന്നമാണ് ബലൂചിസ്ഥാൻ പ്രവിശ്യ. ഈ ധാതുസമ്പത്ത് കൊള്ളയടിച്ച് ചൈനയ്ക്ക് കൈമാറാനാണ് തുറമുഖവും റോഡുമൊക്കെ നിർമ്മിക്കുന്നതെന്നാണ് ബലൂചികൾ ആരോപിക്കുന്നത്. ബ്രിട്ടീഷ് യുഗത്തിനു മുൻപ് ബലൂചിസ്ഥാന്റെ വലിയൊരു ഭാഗം അവിഭക്ത ഇന്ത്യയിലായിരുന്നു. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനും ഇന്ത്യയുമായി വിഭജിക്കപ്പെട്ടപ്പോഴാണ് ബലൂചിസ്ഥാൻ പാകിസ്ഥാന്റെ ഭാഗമായത്. ഇപ്പോൾ സ്വതന്ത്ര രാജ്യമായി മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാകിസ്ഥാന്റെ അവഗണനയാൽ തീരെ അവികസിതമാണ് ഈ പ്രദേശം. പാകിസ്ഥാന്റെ വരുതിയിൽനിന്ന് ഏതു നിമിഷവും പുറത്തുവരാനായി വെമ്പുന്ന ബലൂചിസ്ഥാൻ പാകിസ്ഥാന് ഇനിയും പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.