പന്നികളോട് ഒരിക്കലും ഗുസ്തി പിടിക്കരുത്, ചെളി പറ്റും; ഒളിയമ്പുമായി ശശി തരൂർ
തിരുവനന്തപുരം : മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നെ വിമർശകരെ പരിഹസിച്ച് ശശി തരൂർ എം.പി. ബർണാഡ് ഷായുടെ വാക്കുകൾ കടമെടുത്താണ് വിമർശകർക്ക് തരൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയത്.
“പന്നികളോട് ഗുസ്തി പിടിക്കരുത്. ദേഹത്ത് ചെളി പറ്റും. പക്ഷേ, പന്നികൾക്ക് അത് ഇഷ്ടമാണ്.” ഈ വരികളാണ് ശശി തരൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോദി സ്തുതിയിൽ നേരത്തെ കെ.പി.സി.സി തരൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം നൽകിയതിനു പിന്നാലെ വിഷയം അടഞ്ഞ അദ്ധ്യായമാണെന്നും കൂടുതൽ ചർച്ചകൾ ഇനിയില്ലെന്നും കെ.പി.സി.സിയും ശശി തരൂരും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും തരൂരിനെ വിമർശിച്ച് കെ.മുരളീധരൻ എം.പി രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാൾസ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.
മോദി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താൻ ഉറച്ചുനില്‍ക്കുന്നു. ശശി തരൂർ കെ.പി.സി.സിക്ക് നൽകിയ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താൻ ബി.ജെ.പി സഹായം തേടിയിട്ടില്ല. 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ ഒരു ബി.ജെ.പിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.